കാവൽക്കാരനെ കീഴ്പ്പെടുത്തി അപ്പാർട്ട്മെന്റിൽ കടന്ന ഷാർപ് ഷൂട്ടർ മുന്നയും സംഘവും അതിവേഗം ഛോട്ടാ രാജന്റെ ഫ്ലാറ്റിനു മുന്നിലെത്തി വാതിലില്‍ മുട്ടി .
ഈ സമയം രോഹിത് വർമയും കുടുംബവും ഛോട്ടാ രാജനോടൊപ്പം ടെലിവിഷനില്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
വാതിലിൽ മുട്ടു കേട്ട രോഹിത് കതകിലെ ദ്വാരത്തിലൂടെ പുറത്തേക്കു നോക്കി. അലങ്കരിച്ച കേക്കുമായി ഒരു തായ് പൗരനും മറ്റൊരാളും.
അതേസമയം, എട്ടു പേര് യന്ത്രത്തോക്കിന്റെ കാഞ്ചിയില്‍ ചൂണ്ടു വിരല്‍ ഉറപ്പിച്ചു ചുമരിനു മറഞ്ഞു നില്ക്കുന്നതു രോഹിത് അറിഞ്ഞില്ല. കേക്കുമായി വന്നവരെ കണ്ടിട്ടു രോഹിതിന് അസ്വാഭാവികതയൊന്നും തോന്നിയില്ല.
അപ്രതീക്ഷിത നീക്കം
എന്നാൽ, എതിരാളികളെ വകവരുത്താൻ അധോലോകം ഏതു തന്ത്രവും സ്വീകരിക്കും എന്നറിയാമായിരുന്ന ഛോട്ടാ രാജൻ വാതിലിൽ മുട്ടു കേട്ട ഉടൻതന്നെ മുൻകരുതലിന്റെ ഭാഗമായി സ്വീകരണ മുറിയിൽനിന്ന് അപ്രത്യക്ഷനായി. ഇതിനിടെ, വജ്ര വ്യാപാരത്തിലെ ഇടപാടുകാര്‍ ആരെങ്കിലും ആയിരിക്കും എന്നു കരുതി രോഹിത് വാതില്‍ തുറന്നു.
കതകു തുറന്ന നിമിഷം മുന്നയുടെ നേതൃത്വത്തിലുള്ള കൊലയാളികൾ യന്ത്രത്തോക്കുമായി സ്വീകരണ മുറിയിലേക്ക് ഇരച്ചു കയറി. ആദ്യ വെടി രോഹിത് വർമയ്ക്കും പിന്നീടു ഭാര്യയ്ക്കും.
നിലവിളിച്ച കുട്ടിയെ സംഘം എടുത്തെറിഞ്ഞു. മുറിയിൽ നാലുപാടും വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. തീപ്പൊരി ചിതറി. ഒറ്റ നിമിഷംകൊണ്ട് ആ സ്വീകരണമുറി യുദ്ധഭൂമി പോലെയായി.
പതറാതെ രാജൻ
പേടിച്ചരണ്ട വീട്ടുജോലിക്കാരിയുടെ മുടിക്കു കുത്തിപ്പിടിച്ച് അവനെവിടെയെന്നു മുന്ന അലറി.
ഭയം മൂലം മറുപടി പറയാന്‍ അശക്തയായ വീട്ടുജോലിക്കാരിയെ അടുക്കളയുടെ മൂലയിലേക്കു വലിച്ചെറിഞ്ഞ സംഘം ഫ്ലാറ്റിൽ തെരച്ചിൽ തുടങ്ങി. രാജൻ ഫ്ളാറ്റിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘം എത്തിയത്.
എന്നിട്ടും രാജനെ അവിടെ കാണാതിരുന്നത് സംഘത്തെ വിറളി പിടിപ്പിച്ചു. ഇതിനിടെ, കിടപ്പുമുറിയുടെ ബാൽക്കണിയിലൂടെ ഒരു നിഴല്‍ പോകുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു.
അതു ഛോട്ടാ രാജനായിരുന്നു. നിഴലിനെ വെടിയുണ്ടകള്‍ പിന്തുടർന്നു. എന്നാൽ, മുന്നയുടെയും സംഘത്തിന്റെയും വെടിയുണ്ടകൾക്കിടയിലൂടെ ഛോട്ടാ രാജൻ ബാൽക്കണിയിൽനിന്നു താഴേക്കു ചാടി ഇരുളില്‍ മറഞ്ഞു.
വെടിശബ്ദം കേട്ടു മറ്റു ഫ്ലാറ്റിലെ താമസക്കാര്‍ ഉണർന്നതോടെ കളം പന്തിയല്ലെന്നു കണ്ട മുന്നയും സംഘവും രക്ഷപ്പെട്ടു. എന്നാൽ, രാജൻ ഭയന്നോടിയില്ല.
ഇരുട്ടിൽ പതുങ്ങിയിരുന്ന ഛോട്ടാ രാജൻ കൊലയാളി സംഘം പോയെന്ന് അറിഞ്ഞപ്പോൾ അപ്പാർട്ട്മെന്റിലേക്കു തിരിച്ചു കയറി. ബാൽക്കണിയിൽനിന്നുള്ള ചാട്ടത്തിൽ രാജന്റെ കാലൊടിയുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒരുവിധം അപ്പാർട്ട്മെന്റിൽ തിരിച്ചെത്തിയ രാജൻ കണ്ടത് സുഹൃത്തും ഭാര്യയും രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ്. രോഹിത് വർമയുടെയും ഭാര്യയുടെയും കൊലപാതകികൾക്കായി തായ് പോലീസ് അന്വേഷണം ആരംഭിച്ചു.
(തുടരും).