നവാസ് മേത്തർ
തലശേരി: ഡിജിപി ലോക്നാഥ് ബഹ്റ വിരമിക്കുന്ന ഒഴിവിൽ സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ നിയമിച്ചേക്കും.
കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷൻ സിഎംഡിയാണ് തച്ചങ്കരിയിപ്പോൾ. ഇതുവരെ വഹിച്ച ചുമതലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന തച്ചങ്കരിക്കു പോലീസ് ചീഫിന്റെ പദവിയിലെത്തുന്നതനു തടസമായി നിന്ന കേസുകൾ ഉൾപ്പെടെയുള്ള കുരുക്കുകൾ ഒരോന്നും ഇതിനകം ഒഴിവായിട്ടുണ്ട്.
വിജിലൻസ് ഡയറക്ടർ സുധേഷ്കുമാർ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരാണ് പോലീസ് ചീഫ് പദവിയിലേക്കു പരിഗണിക്കണിക്കപ്പെടുന്ന മറ്റ് രണ്ടു പേർ.
സുധേഷിന്റെ കുരുക്ക്
കെഎസ്എഫ്ഇയിലെ വിവാദ റെയ്ഡും മകൾ പോലീസുകാരനെ കൈയേറ്റം ചെയ്ത വിവാദ കേസും സുധേഷ് കുമാറിനു പോലീസ് ചീഫ് പദവിയിലെത്തുന്നതിനു തടസമാണെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകുന്നു.
കെഎസ്എഫ്ഇയുടെ വിജിലൻസ് റെയ്ഡിനെ മുഖ്യമന്ത്രി ന്യായീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് സമയത്തു രാഷ്ട്രീയ സാഹചര്യം നോക്കി മുന്നോട്ടുപോകാൻ വിജിലൻസിനു സാധിച്ചില്ലെന്ന ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തലും സുധേഷ് കുമാറിനു വിനയായതായാണ് അറിയുന്നത്.
ഡെപ്യൂട്ടേഷന് റദ്ദാക്കി കേരളത്തിലേക്കു മടങ്ങേണ്ടതില്ലന്ന നിലപാടിലാണ് അരുൺ കുമാർ സിന്‍ഹ. ഈ സാഹചര്യത്തിലാണ് തച്ചങ്കരി തന്നെ പോലീസ് ചീഫാകണമെന്ന നിർദ്ദേശം വന്നിട്ടുളളത്. അരുൺ കുമാർ സിൻഹയുടെ ബാച്ച് മേറ്റു കൂടിയാണ് ടോമിന് തച്ചങ്കരി.
മികവ് ചർച്ചയിൽ
തങ്കരിയെ പോലീസ് ചീഫിന്റെ പദവിയിലെത്തിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവർത്തന മികവ് സംബന്ധിച്ച വിശദമായ റിപ്പോർട്ടും ഉന്നത തലത്തിൽ ചർച്ച ചെയ്തതായാണ് അറിയുന്നത്. ഇതിൽ കെഎസ്ആര്‍ടിസി എംഡിയായിരുന്ന കാലത്തെ തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങൾ എടുത്തു പറയുന്നുണ്ട്.
2018 ഏപ്രില്‍ 16ന് കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ തച്ചങ്കരി തുടക്കം മുതല്‍ സ്വീകരിച്ചു വന്ന നടപടികളില്‍ ഏറെ ശ്രദ്ദേയമായിരുന്നു. സിഐടിയു നേതൃത്വവുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് അദ്ദേഹത്തിന്റെ കസേര തെറിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് മേധാവിയായി തച്ചങ്കരി ചാര്‍ജെടുത്ത ശേഷം കെട്ടിക്കിടക്കുന്ന കേസുകള്‍ക്കു തന്നെ ജീവന് വച്ചിരുന്നു. വ്യാജ പരാതി നല്കിയ കേസില്‍ സ്വപ്ന സുരേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്കിയിരുന്നതും തച്ചങ്കരിയാണ്.
തച്ചങ്കരി ചുമതയേറ്റ ശേഷം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലും വായ് തിരിച്ചു പിടിക്കുന്നതുൾപ്പെടെ വലിയ മാറ്റങ്ങളാണു നടക്കുന്നത്.
ഉന്നതരുള്‍പ്പെടെ വായ്പയെടുത്തു മുങ്ങിയതോടെ കെഎഫ്സിക്കു തിരിച്ചുകിട്ടാനുള്ളത് 5,696 കോടി രൂപയാണ്. ഇതില്‍ 778 കോടി മുതലും 4,918 കോടി പലിശയുമാണ്.
വായ്പ തിരിച്ചു പിടിക്കാൻ ശക്തമായ നടപടികളാണ് തച്ചങ്കരി സ്വീകരിച്ചത്. ഇത്തരത്തിൽ തച്ചങ്കരി ക്ക് അനുകൂലമായ കാര്യങ്ങളും ഉന്നത തലത്തിൽ ചർച്ചയായി.