സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത്ത് മൊഴികളില്‍ സംസ്ഥാനത്തെ നാല് മന്ത്രിമാരും. മലബാറിലെ രണ്ട് മന്ത്രിമാരും മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ഒരോ മന്ത്രിമാരുമാണ് മൊഴികളിൽ ഉള്‍പ്പെട്ടിരിക്കുന്നത്.
കൂടാതെ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും ഭരണാധിപന്മാരുടെ വിവരങ്ങളും മൊഴികളിലുണ്ടെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള ഒരു മന്ത്രിയാണ് മലബാറില്‍ നിന്നുള്ളത്.
മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രിയാണ്. സര്‍ക്കാരിന്റെ പല പദ്ധതികളുമായി ബന്ധപ്പെട്ടു ആരോപണം നേരിടുന്ന മധ്യകേരളത്തിലെ മന്ത്രിയും അന്വേഷണസംഘത്തിന്റെയും നിരീക്ഷണത്തിലാണ്.
സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സമര്‍പ്പിച്ച രഹസ്യരേഖയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.
ജോലിക്കാര്യം
രണ്ട് മന്ത്രിമാര്‍ മക്കളുടെ ബിസിനസിനും ജോലിക്കാര്യത്തിനുമാണ് സ്വപ്നയുമായി ബന്ധപ്പെട്ടത്. റംസാന് കിറ്റ് സ്വീകരിക്കുന്നതിനും ഒരാള്‍ക്കു ജോലി ലഭിക്കുന്നതിന് സഹായം തേടിയും ദുബായിലെ ജയിലില്‍ കിടക്കുന്നയാളെ ഡീ പോര്‍ട്ട് ചെയ്യുന്നതിനും വേണ്ടിയും ഒരു മന്ത്രി സമീപിച്ചതായിട്ടാണ് സ്വപ്നയുടെ മൊഴി.
പിന്നീട് കോവിഡ് കാലത്ത് തന്റെ മണ്ഡലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടിയും വിളിച്ചമന്ത്രിയുണ്ട്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് തെക്കന്‍കേരളത്തിലെ ഒരു മന്ത്രി കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടിട്ടുണ്ട്.
സ്വപ്നയുടെ ഫോണില്‍ നിന്നു സിഡാകിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്സാപ് സന്ദേശങ്ങളില്‍ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യരേഖയായി കോടതിയില്‍ നല്‍കിയത്.
മന്ത്രിമാരില്‍ ചിലര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നു മൊഴിയിലുണ്ട്. ഫലത്തില്‍ സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരില്‍നിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നാണ് സൂചന.
വീണ്ടും ജലീൽ
ഇതിനിടയില്‍ മന്ത്രി കെ.ടി. ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നതായി അറിയുന്നു. കസ്റ്റംസും എന്‍ഐഎയും ഇഡി രണ്ടു തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈന്തപ്പഴ ഇറക്കുമതിയിലും കസ്റ്റംസ് കേസെടുത്തിരുന്നു.
മന്ത്രിയുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനു പുറമേ മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം.
മന്ത്രി നല്കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും പല ചോദ്യങ്ങള്‍ക്കും ഇത്തരം കൃത്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.മൊഴി ഇതിനകം ഇഡി കേന്ദ്ര മേധാവിക്കു കൈമാറിയിട്ടുണ്ട്.
ഇതു വ്യക്തമായി പരിശോധിച്ച ശേഷം വ്യക്തത വരാനുള്ള കാര്യങ്ങള്‍ മന്ത്രിയില്നിന്നു ചോദിച്ചറിയും എന്നാണ് വിവരം.