തിരുവല്ല: വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചതിനു പിന്നാലെ പത്തനംതിട്ട ജില്ലയിലെ ഏറ്റവുംവലിയ നഗരസഭയായ തിരുവല്ലയുടെ ഭരണം പിടിക്കുന്നതു സംബന്ധിച്ച് മൂന്ന് മുന്നണികള്‍ക്കും മിനിമം അവകാശവാദം.
39 അംഗ കൗണ്‍സിലില്‍ 21 സീറ്റു നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന മുന്‍ ചെയര്മാന് ആര്. ജയകുമാര്‍ അവകാശപ്പെട്ടത്.
24 സീറ്റുകള്‍ നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫ് ഇലക്ഷന് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. പ്രകാശ് ബാബു പറഞ്ഞു. നിര്‍ണായ ശക്തിയായി നഗരസഭ കൗണ്‍സിലില്‍ തങ്ങളും ഉണ്ടാകുമെന്ന് അവകാശപ്പെട്ട എന്‍ഡിഎ മണ്ഡലം ചെയര്മാന് ശ്യാം മണിപ്പുഴ ബിജെപി സീറ്റുകള്‍ 12 ആയി വര്‍ധിക്കുമെന്നാണ് പറഞ്ഞത്.
ചെയര്‍പേഴ്സണ്‍ സ്ഥാനം വനിതാ സംവരണമാണ്. ആരെയും മുന്നില്‍ നിര്‍ത്തിയല്ല മുന്നണികള്‍ മത്സരരംഗത്തുവന്നത്. എന്നാല്‍ മുന്‍ നഗരസഭാധ്യക്ഷര്‍ ഉള്‍പ്പെടെ മത്സരരംഗത്തുണ്ടായിരുന്നു.
ഘടകകക്ഷികളുടെ അഭിപ്രായവും പാര്‍ട്ടിയിലെ സീനിയോറിറ്റിയും മറ്റ് കൗണ്‍സിലര്‍മാരുടെ പിന്തുണയും പരിഗണിച്ച് അധ്യക്ഷസ്ഥാനം തീരുമാനിക്കാമെന്നാണ് ഇപ്പോള്‍ നേതാക്കളുടെ പക്ഷം.
ബിജെപി പിന്തുണ തേടേണ്ട സാഹചര്യം ഉണ്ടായാലോയെന്ന ചോദ്യത്തിന് അതിനുള്ള വിദൂര സാധ്യത തള്ളിക്കളഞ്ഞ യുഡിഎഫും എല്‍ഡിഎഫും അത്തരമൊരു ഭരണം അംഗീകരിക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളുടെയും ശക്തി തെളിയിക്കപ്പെടുന്ന നഗരസഭ കൂടിയാണ ്തിരുവല്ല. എല്‍ഡിഎഫിലും യുഡിഎഫിലും നിര്‍ണായകമായ സീറ്റുകളില്‍ അവര്‍ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞതവണ യുഡിഎഫിലായിരുന്നപ്പോള്‍ പത്ത് കൗണ്‍സിലര്‍മാര്‍ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഏഴുപേരും ജോസഫിനൊപ്പമായി.
ഇത്തവണ രണ്ട് മുന്നണികളിലുമായി ശക്തി തെളിയിക്കാനുള്ള പോരാട്ടത്തില്‍ പല വാര്‍ഡുകളിലും രണ്ടു വിഭാഗങ്ങള്‍ക്കും നേരിട്ട് ഏറ്റുമുട്ടേണ്ടിവന്നു.
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായ തെരഞ്ഞെടുപ്പെന്ന നിലയില്‍ തിരുവല്ലയിലെ ശക്തിപരീക്ഷണം കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് നിര്‍ണായകവുമാണ്.
39 സീറ്റുകളാണ് തിരുവല്ലയിലുള്ളത്. കഴിഞ്ഞതവണ വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയെങ്കിലും ഒരുവര്‍ഷം പിന്നിട്ടതോടെ അനിശ്ചിതത്വവും കൂടെപ്പിറപ്പായി. ഇതോടെ മൂന്ന് ചെയര്മാന്മാര് നഗരസഭാധ്യക്ഷന്മാരായെത്തി. ഇത്തവണ സുസ്ഥിരമായ ഒരു ഭരണം ലഭിക്കുമോയെന്നതാണ് ആശങ്ക.
ഓരോ ബൂത്തിലും അഞ്ചുശതമാനം വോട്ടുകള്‍ കഴിഞ്ഞതവണത്തേക്കാള്‍ കുറഞ്ഞ രീതിയിലാണ് പോള്‍ ചെയ്തിരിക്കുന്നത്. ഇത് ഏറെയും സ്ഥലത്തില്ലാത്തവരും മരണമടഞ്ഞവരുമൊക്കെയാണെന്ന് പറയുന്നു.
അപ്പോഴും ഭരണത്തിലെത്താന്‍ മതിയായ സീറ്റുകള്‍ ലഭിക്കുമെന്നു തന്നെയാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്.ബിജെപിയാകട്ടെ നിര്‍ണായക ശക്തിയായി മാറാനുള്ള തയാറെടുപ്പിലുമാണ്. എല്‍ഡിഎഫ് രണ്ടു തവണ തിരുവല്ലയില്‍ ഭരണത്തിലെത്തിയിട്ടുണ്ട്.
ഇത്തവണ ഭരണം ഉറപ്പിച്ച മട്ടിലാണ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ അവര്‍ നീങ്ങിയത്. സീറ്റു നിര്‍ണയത്തിലെ ചില തര്‍ക്കങ്ങള്‍ അവശേഷിച്ചിരുന്നെങ്കിലും അനുകൂലമായ സാഹചര്യം യുഡിഎഫിനുമുണ്ടായിട്ടുണ്ട്.