സ്വന്തം ലേഖകൻ
ചാവക്കാട്: സെഞ്ചുറിയും കടന്ന വോട്ടാണിത്. നൂറ്റൊന്നാം വയസിൽ ചാവക്കാട്ടെ ജോണ് വൈദ്യരുടെ വോട്ടിനു രണ്ടാം ലോകമഹായുദ്ധത്തിന്റെ വീര്യവും വീറുമുണ്ട്.
ചാവക്കാട് നഗരസഭയുടെ പതിനാറാം വാർഡിലെ വോട്ടറാണ് മുട്ടത്തു വീട്ടിൽ ജോണ്. എം.ആർ. രാമൻ മെമ്മോറിയൽ സ്കൂളിലെ പോളിംഗ് ബൂത്തിലേക്കു ജോണ് വൈദ്യർ എത്തിയത് ഏകമകനും കൂനംമൂച്ചി പള്ളി വികാരിയുമായ ഫാ. ഫ്രാൻസിസ് മുട്ടത്തിന്റെ കൈപിടിച്ചാണ്. ഒപ്പം അമ്മ കൊച്ചുത്രേസ്യയുമുണ്ട്.
“ഇതുവരെ വോട്ടു മുടക്കീട്ടില്ല’, മകനായ വൈദികന്റെ കൈപിടിച്ചു ബൂത്തിലെത്തിയ ജോണ് വൈദ്യർ പരിചയം പുതുക്കാൻ എത്തിയവരോടായി പറഞ്ഞു.
കഴിഞ്ഞ മേയ് 11 നായിരുന്നു നൂറാം പിറന്നാൾ. ദീർഘകാലം ആർമിയിൽ ഫാർമസിസ്റ്റായി സേവനം ചെയ്ത ഇദ്ദേഹത്തിനു രണ്ടാം ലോകമഹായുദ്ധകാലത്തു യുദ്ധമുന്നണിയിലായിരുന്നു സേവനം.
സൈനിക സേവനം അവസാനിപ്പിച്ചു നാട്ടിലെത്തിയ അദ്ദേഹം നാട്ടുകാർക്കു വൈദ്യനായി. ഇപ്പോഴത്തെ നഗരസഭാ കാര്യാലയത്തിനു മുന്നിലുണ്ടായിരുന്ന കെട്ടിടത്തിൽ ക്ലിനിക്കും നടത്തിയിരുന്നു.
വടക്കനച്ചനൊപ്പം “തൊഴിലാളി’യിലും പ്രവർത്തിച്ചിട്ടുണ്ട്. പൗരപ്രമുഖനും പൊതുജനസേവകനുമായ ജോണ് വൈദ്യർ നാട്ടുകാർക്കു പ്രിയങ്കരനാണ്.
ചേറ്റുവ റോഡിലെ മുട്ടത്തു വീട്ടിലാണ് താമസം. മാതാപിതാക്കളുടെ ആരോഗ്യവും ക്ഷേമവുമെല്ലാം അന്വേഷിക്കാൻ എല്ലാ ദിവസവും വീട്ടിൽ വരാറുണ്ടെന്ന് ഏകമകൻ ഫാ. ഫ്രാൻസിസ് മുട്ടത്ത് പറഞ്ഞു.