ജീവനുള്ള നായയുടെ കഴുത്തില്‍ കുരുക്കിട്ടു കാറിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു കൊടുംക്രൂരത.
കുന്നുകര ചാലാക്ക-കുത്തിയതോട് റോഡില്‍ ഇന്നലെ രാവിലെ 11ഓടെയായിരുന്നു മൃഗസ്നേഹികളുടെ നെഞ്ചുലച്ച സംഭവം. ടാക്സി കാറിന്റെ പിന്നിലാണു നായയെ കെട്ടിവലിച്ചത്.
കുറെദൂരം കാറിനു പിന്നാലെ ഓടിയ നായ കുഴഞ്ഞു വീണിട്ടും ഡ്രൈവർ കാർ നിർത്തിയില്ല.
ഒടുവിൽ പിന്നാലെ ബൈക്കിലെത്തിയ യുവാവ് കാർ തടഞ്ഞുനിർത്തുകയായിരുന്നു.
നായയോടുള്ള ക്രൂരതയെ ചോദ്യംചെയ്ത യുവാവിനോടു “പട്ടി ചത്താൽ നിനക്ക് എന്താടാ…’ എന്നു ചോദിച്ചു കാർ ഡ്രൈവര്‍ തട്ടിക്കയറി. നായയെ പിന്നീടു വഴിയിൽ ഉപേക്ഷിച്ചു ഡ്രൈവർ സ്ഥലംവിട്ടു.
യുവാവ് പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നായയെ കെട്ടിവലിക്കുന്നതു കണ്ടു മറ്റൊരു നായ കാറിനു പിന്നാലെ അസ്വസ്ഥതയോടെ ഓടുന്നതും വീഡിയോയിൽ കാണാം.
മൃഗസ്നേഹികള്‍ ഇടപെട്ടതിനെത്തുടർന്നു കാര്‍ ഉടമ കൂടിയ ഡ്രൈവർ നെടുന്പാശേരി പുത്തൻവേലിക്കര സ്വദേശി യൂസഫിനെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം സെക്ഷന്‍ 11 എ, ബി പ്രകാരവും ഐപിസി 428 പ്രകാരവുമാണ് കേസ്. മൂന്നു മാസം വരെ തടവുശിക്ഷ ലഭിക്കാം.
ഒരുവർഷം മുന്‍പ് വീട്ടിൽ വന്നുകയറിയ പെൺനായയാണിതെന്നും മറ്റു നായകളുടെ ശല്യം കാരണം ഉപേക്ഷിക്കാൻ കൊണ്ടുപോകുകയായിരുന്നെന്നും ഡ്രൈവർ പറയുന്നു.
ഡിക്കിയിൽ കയറാൻ കൂട്ടാക്കാത്തതിനെത്തുടർന്നാണു കാറിനു പിന്നിൽ കെട്ടിയിട്ടു കൊണ്ടുപോയതെന്നും ഇയാൾ വിശദീകരിക്കുന്നു.