സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇങ്ങനെയൊരു സമരം ഇന്നേവരെ രാജ്യം കണ്ടിട്ടില്ല. സമരമെന്നു പറയുന്പോൾ കുറെയാളുകൾ ഏതാനും ദിവസങ്ങൾ കൊടിയും പിടിച്ചിരിക്കും, മടുക്കുന്പോൾ മടങ്ങും…
എന്നാൽ, ഡൽഹിയിൽ കർഷക സമരം വേറിട്ടൊരു കാഴ്ചയാണ്. ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം മുന്നേറ്റം. ഒരുപക്ഷേ, ഭാവിയിൽ പല സമരങ്ങൾക്കും ഇതു മാതൃകയാകാനുള്ള സാധ്യതയും ഇല്ലാതില്ല. വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് സമരവേദിയിൽ ഒാരോ ദിനവും.
10 മെഡിക്കൽ ക്യാന്പ്
സമരക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ വന്നാൽ ആംബുലൻസും വിളിച്ച് ആശുപത്രിയിലേക്ക് ഒാടേണ്ടതില്ല. 10 മെഡിക്കൽ ക്യാന്പുകളാണ് സമരവേദിയിൽ പ്രവർത്തിക്കുന്നത്.
മുഴുവൻ സമയം ഡോക്ടർമാർ. ഒരു ദന്താശുപത്രി, പത്തു മെഡിക്കൽ ക്യാന്പുകൾ, മരുന്നുകട, ലൈബ്രറി, ദിവസം അഞ്ഞൂറിലേറെ തുണികൾ അലക്കുന്ന രണ്ടു വാഷിംഗ് മെഷീനുകൾ, മണിക്കൂറിൽ ആയിരത്തിലേറെ ചപ്പാത്തി പരത്തിയെടുക്കുന്ന മെഷീൻ, പിന്നെ ഒരന്പലവും…
സജ്ജീകരണങ്ങളുടെ പട്ടിക എടുത്താൽ ഇനിയും നീളും. ഡൽഹി-ഹരിയാന അതിർത്തിയിൽ ആയിരക്കണക്കിന് കർഷകർ സമരം ചെയ്യുന്ന സിംഗുവിലെ സന്നാഹങ്ങളാണ് ഇതെല്ലാം.
തുണി അലക്കാൻ
സമരത്തിനിരിക്കുന്ന മുതിർന്ന കർഷകരുടെ വസ്ത്രങ്ങൾ അലക്കിക്കൊടുക്കാനാണ് ലുധിയാനയിൽ നിന്നുള്ള യുവകർഷകൻ പ്രിൻസ് സന്ധു രണ്ടു വാഷിംഗ് മെഷീനുകളുമായി വന്നത്. രണ്ടാഴ്ചയായി ഇവിടെ എത്തിയിട്ട്.
വഴിയരുകിലിരുന്നു വയോധികരായ കർഷകർ തുണി കഴുകുന്നതു കണ്ടാണ് പ്രിൻസ് രണ്ടുവാഷിംഗ് മെഷീനുകൾ എത്തിച്ചത്. വഴിയരികിൽ സ്ഥാപിച്ചു. ഡ്രയറുകളും ഉള്ളതുകൊണ്ട് എളുപ്പത്തിൽ തുണികൾ കഴുകി ഉണക്കി എടുക്കാം.
പ്രിൻസ് സന്ധുവും സുഹൃത്ത് അമൻപ്രീതും തന്നെയാണ് മെഷീനുകളുടെ അരികിൽനിന്നു വസ്ത്രങ്ങൾ വൃത്തിയാക്കി കൊടുക്കുന്നത്. ട്രാക്ടറുകളിലെയും ട്രക്കുകളിലെയും ബാറ്ററികളുടെയും ജനറേറ്റുകളുടെയും സഹായത്താലാണു പ്രവർത്തനം.
മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ചാർജ് ചെയ്യാൻ ട്രാക്ടറുകളുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണം തയാറാക്കുന്ന ലംഗാറിൽ ഹരിയാനയിൽനിന്നു കൊണ്ടുവന്ന റൊട്ടി മേക്കറുണ്ട്.
മണിക്കൂറിൽ ആയിരത്തിലേറെ റൊട്ടികൾ ഇതിൽ ഉണ്ടാക്കിയെടുക്കാം. പ്രതിദിനം പന്ത്രണ്ടു ലക്ഷത്തോളം റൊട്ടിയാണ് കർഷകർക്കു വിളന്പുന്നത്. സോളാർ പവറിലും ബാറ്ററിയുടെ സഹായത്തിലുമാണ് ഇതും പ്രവർത്തിക്കുന്നത്.
ബസിൽ ദന്താശുപത്രി
പത്തു മെഡിക്കൽ ക്യാന്പുകളാണ് സമരസ്ഥലത്തുള്ളത്. ഒരു ബസിനുള്ളിൽ ഡെന്റൽ ക്യാന്പും പ്രവർത്തിക്കുന്നുണ്ട്. എക്സ് റേ മെഷീൻ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഇതിനുള്ളിലുണ്ട്.
മൊഹാലിയിൽനിന്നുള്ള ഡോ. സണ്ണി അലുവാലിയയും അദ്ദേഹത്തിന്റെ രണ്ടു വിദ്യാർഥികളുമാണ് ഇത് നടത്തുന്നത്. ഓരോ ദിവസവും നൂറു കണക്കിന് കർഷകരാണ് പല്ലു സംബന്ധമായ പരാതികളുമായി ഈ ബസിൽ കയറിയിറങ്ങുന്നത്.
ലൈബ്രറി
ജസ്വീർ സിംഗ് എന്ന യുവാവ് അഞ്ഞൂറിലേറെ പുസ്തകങ്ങളുമായി സമരസ്ഥലത്തു ലൈബ്രറി തുടങ്ങി. സാംസ്കാരികം, ഫിക്ഷൻ, ഇന്ത്യൻ നിയമങ്ങൾ എന്നിവ സംബന്ധിച്ച പുസ്തകങ്ങൾ ഇവിടെയുണ്ട്.
ഓരോ ദിവസവും നൂറിലേറെ കർഷകരാണ് ഫത്തേഗഡിൽനിന്നുള്ള ഗവേഷക വിദ്യാർഥിയായ ജസ്വീറിന്റെ ലൈബ്രറിയിൽനിന്നു പുസ്തക ങ്ങളെടുത്തു വായിക്കാൻ വരുന്നത്.
കർഷകർ സമരം ഇരിക്കുന്ന തിക്രി അതിർത്തിയിലും സമരക്കാർക്ക് തുണി കഴുകൻ വാഷിംഗ് മെഷീനുകൾ എത്തിച്ചു നൽകിയിരിക്കുന്നത്. ഈ പ്രദേശത്തെ ജബ്താ ഖേര ഗ്രാമത്തിലെ ആളുകൾ കർഷകർക്കു ടെന്റ് ഉണ്ടാക്കുന്നതിനും കിടക്കകൾക്കുമായി 80,000 രൂപ പിരിവെടുത്തു നൽകി.