കോട്ടയം: പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ പിടിയിലാവരിൽ കോടതി ജീവനക്കാരനും ബാങ്ക് മാനേജരും. കഴിഞ്ഞ ദിവസം ചാലുകുന്നിലാണ് അഞ്ചംഗ സംഘം മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ചത്. ഇവരിൽ മൂന്നുപേരെ സംഭവസ്ഥലത്തുവെച്ചു തന്നെ പോലീസ് പിടികൂടിയിരുന്നു. രണ്ടു പേർ ഒളിവിലാണ്.
മൊബൈൽ കോടതി ജീവനക്കാരൻ അയ്മനം പാണ്ഡവം വൈശാഖത്തിൽ സഹോദരൻ അരുണ് കൃഷ്ണ(35), സഹോദരൻ യൂണിയൻ ബാങ്ക് കോടിമത ബ്രാഞ്ച് മാനേജൻ ആനന്ദ് കൃഷ്ണ(30), ഇവരുടെ ബന്ധു മുണ്ടക്കയം പഴയമനയ്ക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.
പൊതു സ്ഥലത്ത് സംഘർഷമുണ്ടാക്കിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി ചാലുകുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സ്ത്രീ ഓടിച്ച കാർ ചാലുകുന്നിൽ വീടിന്റെ മതിലിനോടു ചേർന്ന് കുഴിയിൽ വീണു.
മദ്യലഹരിയിൽ ഇവിടെയെത്തിയ പ്രതികൾ കാർ വലിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തുണ്ടായിരുന്ന ബുള്ളറ്റ് ഷോറൂമിലെ ജീവനക്കാരും സമീപവാസികളുമെത്തി കാറ് റോഡിലേക്ക് കയറ്റി. ഇതോടെ പ്രതികൾ നാട്ടുകാരോടു തർക്കത്തിലേർപ്പെട്ടു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണും സംഘവും ഈ സമയം ഇവിടെത്തി സംഭവത്തിലിടപെട്ടു. തുടർന്ന് പ്രതികൾ പോലീസിനു നേരെ തിരിഞ്ഞു.
പോലീസുകാരെ കയ്യേറ്റം ചെയ്യുകയും ഇൻസ്പെക്ടറുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരെയും പ്രതികൾ ഉപദ്രവിച്ചു. തുടർന്ന് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാരെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.