കിഴക്കമ്പലം: പിറന്നാൾ ദിനത്തിൽ തന്നെ വോട്ടെടുപ്പിൽ ആഘോഷങ്ങളില്ലാതെ കർമനിരതനായി ഒരു സർക്കിൾ ഇൻസ്പെക്ടർ. കുന്നത്തുനാട് സിഐ വി.ടി. ഷാജനാണ് തന്റെ 48-ാം ജന്മദിനത്തിലും ജന സേവകനായി സഹപ്രവർത്തകർക്ക് മാതൃകയായത്.
2005, 2010, 2015, 2020 എന്നിങ്ങനെ നാല് പഞ്ചായത്ത് തെരഞ്ഞെടുപ്പ്, 2006, 2011, 2016 നിയമസഭ തെരഞ്ഞെടുപ്പ്, 2003ന് ശേഷമുള്ള എല്ലാ ലോക്സഭ തെരഞ്ഞെടുപ്പിലും ഷാജൻ ഇലക്ഷൻ ഡ്യൂട്ടി ചെയ്തിട്ടുണ്ട്.
ഔദ്യോഗിക തിരക്കുകൾക്കിടയിൽ ജന്മദിനങ്ങൾ ശ്രദ്ധിക്കാറില്ലാത്തയാളാണ് ഇദേഹം.
കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാർഡിൽ ഡ്യൂട്ടിക്കിടെ ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യുന്നതിനിടെ ജന്മദിനമാണെന്നറിഞ്ഞ സഹപ്രവർത്തകർ ഉടൻ സമീപത്തെ കടയിൽ നിന്നും മിഠായികളും കേക്കും തൊട്ടടുത്തു നിന്നും പറിച്ച പൂക്കളുമായി അദ്ദേഹത്തിനരികിലെത്തി ആശംസകൾ നേർന്നു.