കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പരിശോധനകള്‍ കുറഞ്ഞതോടെ കോവിഡ് “പ്രോട്ടോകോള്‍’ പേരിനുമാത്രം.
ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളുടെ പല എടിഎമ്മുകളിലും സാനിറ്റൈസറുകള്‍ കാലിയായപ്പോള്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പലര്‍ക്കും മാസ്ക്കുകള്‍ “അലര്‍ജി’യായി.
കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ പലരും മാസ്ക്കുകള്‍ ശരിയായ വിധത്തില്‍ ധരിക്കുന്നില്ല. തിരക്കേറെയുള്ള സമയങ്ങളില്‍പോലും പലരും മാസ്ക് പോക്കറ്റിലാക്കി നടക്കുന്ന സ്ഥിതിയാണുള്ളത്.
നേരത്തേ ബസുകളില്‍ യാത്രികര്‍ നന്നേ കുറവുള്ള സമയങ്ങളില്‍ ഡ്രൈവറും കണ്ടക്ടറും മാസ്കുകള്‍ ശരിയായി ധരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രീതിമാറി. രാവിലെയും വൈകിട്ടും പല സ്വകാര്യ ബസുകളിലും ഇപ്പോള്‍ തിരക്ക് അനുഭവപ്പെടാറുണ്ട്.
എന്നാല്‍, പല കണ്ടക്ടര്‍മാരും മാസ്കുകള്‍ ശരിയായി ധരിക്കാതെയാണു ടിക്കറ്റ് നല്കാന് എത്തുന്നതെന്നു യാത്രികര്‍ പരാതിപ്പെടുന്നു. മാസ്ക് ധരിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടാലും ഇതു മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലടക്കം പരിശോധന നടത്താന്‍ നേരത്തേ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിരുന്നു. ഇവരുടെ കാലാവധി അവസാനിച്ചതോടെ ഈ പരിശോധനകളും നിലച്ചു.
പോലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതും നന്നേ കുറഞ്ഞിരുന്നു. ഇത്തരത്തില്‍ പരിശോധനകള്‍ ഇല്ലാതായപ്പോഴാണു പല ഭാഗത്തുനിന്നും അലംഭാവവും കൂടിയത്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ ചികിത്സയിലുള്ളതു ജില്ലയിലാണെന്ന കാര്യം മറന്നുകൊണ്ടാണു പലരും രംഗത്തിറങ്ങിയിട്ടുള്ളത്.
ബാങ്കുകളുടെ എടിഎമ്മുകളില്‍ ആവശ്യാനുസരണം സാനിറ്റൈസര്‍ ലഭ്യമല്ലെന്ന പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നതാണ്. റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ എടിഎമ്മുകളില്‍ പരിശോധനകളും നടത്തിയിരുന്നു.
പിന്നീട് ഇത്തരത്തില്‍ പരിശോധനകള്‍ക്ക് അധികൃതര്‍ മുതിരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കൊച്ചി നഗരത്തില്‍ ദിവസവും നൂറുകണക്കിനുപേര്‍ എത്തുന്ന എടിഎമ്മുകളില്‍ പലതിലും സാനിറ്റൈസര്‍ ലഭ്യമല്ല.