ഗുരുവായൂർ: ക്ഷേത്രം ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രദർശനം, വഴിപാടുകൾ, പ്രസാദ വിതരണം എന്നിവ രണ്ടാഴ്ചത്തേക്കു നിർത്തലാക്കി.
ക്ഷേത്രം നിലനില്ക്കുന്ന ഇന്നർ റിംഗ് ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ക്ഷേത്രം ജീവനക്കാർക്കായി ദേവസ്വം ആശുപത്രിയിൽ ഇന്നലെ നടന്ന കോവിഡ് പരിശോധനയിൽ 22 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.
ജില്ല കളക്ടർ എസ്. ഷാനവാ സ് വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണ് മാറുന്നതുവരെ ക്ഷേത്രാചാരം ചടങ്ങു മാത്രമായിരിക്കും.
ക്ഷേത്രത്തിനു പുറത്തു ദീപസ്തംഭത്തിനു സമീപം നിന്നു ദർശനം നടത്താനും അനുവദിക്കില്ല. അത്യാവശ്യ പാരന്പര്യപ്രവൃത്തിക്കാരെ മാത്രമേ ക്ഷേത്രത്തിനകത്തേക്കു പ്രവേശിപ്പിക്കൂ. 65 വയസു കഴിഞ്ഞവരെ ഇതിനനുവദിക്കില്ല.
നേരത്തേ ബുക്ക് ചെയ്ത വിവാഹങ്ങൾ ഇന്നു നടത്താൻ അനുവദിക്കും. 16നു നടക്കേണ്ട കുചേലദിനം, ഭഗവതിപ്പാട്ട് എന്നിവയും ചടങ്ങു മാത്രമായാണു നടക്കുക.
ദേവസ്വത്തിലെ മുഴുവൻ ജീവനക്കാർക്കും മൂന്നു ദിവസത്തിനുള്ളിൽ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ ആന്റിജൻ പരിശോധനയോ ആർടിപിസിആർ പരിശോധനയോ നടത്തും.
ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇതിനു പ്രത്യേക സൗകര്യം ഒരുക്കും. തുടർന്നു മാസത്തിലൊരിക്കലും മുഴുവൻ ജീവനക്കാർക്കും കോവിഡ് പരിശോധനയുണ്ടാകും.
ജീവനക്കാർക്കു മുഴുവൻ മൂന്നു പാളികളുള്ളതോ എൻ 95 മാസ്കോ നിർബന്ധമാക്കും. പൊതുജനങ്ങളുമായി സന്പർക്കത്തിലേർപ്പെടുന്ന ജീവനക്കാർക്കു മുഴുവൻ ഫേസ് ഷീൽഡും ഗ്ലൗസും നിർബന്ധമാക്കും.
ദേവസ്വം ഡയറി, കലണ്ടർ എന്നിവ വില്പന നടത്തുന്നതിനു പാഞ്ചജന്യം ഗസ്റ്റ്ഹൗസിൽ പ്രത്യേക കൗണ്ടർ തുറക്കും.
ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഡിഎംഒ കെ.ജെ. റീന, ഡെപ്യൂട്ടി ഡിഎംഒമാരായ അനൂപ്, സതീഷ്, ടെക്നിക്കൽ അസിസ്റ്റന്റ് രാജു ചന്ദ്രൻ, നഗരസഭ സെക്രട്ടറി എസ്. ശ്രീകാന്ത്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജകുമാരി, മെഡിക്കൽ ഓഫീസർമാരായ ഡോ. റംസി മുഹമ്മദ്, ജോസ് ജേക്കബ്, ദേവസ്വം ഭരണസമിതിയംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.