മങ്കൊമ്പ്: കോളനിയിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു ഭൂവുടമയുടെ പുരയിടത്തിലെ തെങ്ങുകൾ വെട്ടിനശിപ്പിച്ചതായി പരാതി. തുടർന്നുണ്ടായ സംഘർഷത്തിൽ ഗ്രേഡ് എസ്ഐക്കു വെട്ടേറ്റു.
സംഘർഷത്തിൽ കോളനി വാസികൾകൾക്കും പരിക്കുണ്ട്. രാമങ്കരി മണലാടിയിൽ വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമാണ് സംഭവങ്ങൾ അരങ്ങേറിയത്.
രാമങ്കരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മണലാടി പുന്നശേരിയിലായ പത്തിൽചിറയിൽ ജോസി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തോടു ചേർന്ന ചിറയിലെ തെങ്ങുകളാണ് വെട്ടി നശിപ്പിച്ചത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: മണലാടി മഠത്തിൽ പറമ്പ് ലക്ഷംവീടു കോളനിയിലേക്കു പാടശേഖരത്തിന്റെ സമീപത്തെ ജോസിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ കൂടി നടപ്പാതയുണ്ട്.
കോളനിയിലെ 45 ഓളം വരുന്ന കുടുംബങ്ങൾ വാഹനങ്ങൾ പോകാൻ മൂന്നുമീറ്റർ വീതിയിൽ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാടത്തുകൂടി റോഡിനു സ്ഥലം നൽകാമെന്നും, കരഭൂമി വേണമെങ്കിൽ വില നൽകണമെന്നും ഉടമ അറിയിച്ചിരുന്നു.
തർക്കമായതോടെ സ്ഥലമുടമ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. വഴിയില്ലാത്തതിന്റെ പേരിൽ കോളനി നിവാസികൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും, റോഡിൽ പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കോളനി നിവാസികൾ യന്ത്രവാളുകളുപയോഗിച്ച് വഴിക്കു സമീപത്തായി നിന്ന 18 തെങ്ങുകൾ മുറിച്ചു നീക്കിയെന്നാണ് പരാതി.
വെട്ടിയിട്ട തെങ്ങുകൾ പാടത്തേക്കു വീണതിനെ തുടർന്ന് കൃഷിയും നശിച്ചതായി പരാതിയുണ്ട്. സ്ഥലമുടമ ജോസി വിദേശത്തായതിനാൽ ഭാര്യ ലൈജിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു.
ഇതിനിടെ രാമങ്കരി പോലീസ് ഗ്രേഡ് എസ്ഐ ജോസഫിനാണ് വെട്ടേറ്റത്. കോളനി നിവാസികളായ പട്ടികവിഭാഗത്തിൽപെട്ട സ്ത്രീകൾക്കും പരിക്കേറ്റു. തുടർന്ന് രാവിലെ കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
രാമങ്കരിയിലെ ആക്രമണത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനും വീഴ്ചയുണ്ടായതായും സൂചനയുണ്ട്. പ്രദേശത്ത് ആക്രമണത്തിന് സാധ്യതയുള്ളതായി നേരത്തെ വിവിരം ലഭിച്ചിരുന്നുവത്രെ.
എന്നാൽ പുറത്തു നിന്നുള്ളവർ മാരകായുധങ്ങളുമായെത്തിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനങ്ങളെയും തെറ്റിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.
കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കോളനി നിവാസികൾ
മങ്കൊന്പ്: തെരഞ്ഞെടുപ്പു ബഹിഷ്കരിച്ചവരെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മണലാടിയിലുണ്ടായ സംഭവങ്ങളെന്നാണ് മഠത്തിൽ പറമ്പ് ലക്ഷംവീടു കോളനി നിവാസികളുടെ വാദം. പോലീസും, റോഡിന് തടസം നിൽക്കുന്ന സ്വകാര്യ വ്യക്തിയുമാണ് ഇതിനു പിന്നിൽ.
രാത്രി രണ്ടോടെ വഴിയിലെ ബഹളം കേട്ട് ഇറങ്ങി വന്ന സ്ത്രീകൾ, വഴിയിൽ തെങ്ങ് വെട്ടിയിട്ടിരിക്കുന്നത് കണ്ടു. റോഡിൽ കിടന്ന പോലീസ് ജീപ്പ് സർക്കിൾ ഇൻസ്പക്ടർ തല്ലിത്തകർക്കുന്നത് കണ്ടപ്പോൾ വീഡിയോ എടുക്കാൻ ശ്രമിച്ച സ്ത്രീകളെ സർക്കിളും പോലീസുകാരും ക്രൂരമായി മർദിച്ചു.
മർദനമേറ്റ സ്ത്രീകളെ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ചും പോലീസ് ആക്രമണത്തെ ഭയന്നും അവർ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
വഴി കൈയടക്കിയ സ്വകാര്യ വ്യക്തി കോടതിയിൽ സ്റ്റേയ്ക്ക് ശ്രമിച്ചിട്ടും അത് ലഭിക്കാത്ത തിനാലാണ്, ഇത്തരം കള്ളക്കേസുണ്ടാക്കി അനുകൂല വിധി സമ്പാദിക്കാൻ ഗൂഢശ്രമം നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം.
സ്ത്രീകളേയും കുട്ടികളേയും പതിരാത്രിയിൽ ക്രൂരമായി മർദിച്ചുകൊണ്ട് പോലീസും ഇതിന് കൂട്ടുനില്ക്കുകയാണെന്നും കോളനിവാസികൾ ആരോപിക്കുന്നു.