എടത്വ: കാത്തുസൂക്ഷിച്ച കാര്‍കൂന്തല്‍ അമ്മയും മകളും കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാന്‍ മുറിച്ചുനല്‍കി.
തകഴി തെന്നടി ഗോകുലം വീട്ടില്‍ ഉമേഷ് കുമാറിന്റെ ഭാര്യ മായ, മകള്‍ ദേവി എന്നിവരാണ് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിർമിക്കാന്‍ മുടി നല്‍കിയത്.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ചാരിറ്റബിള്‍ അസോസിയേഷന് ഹെയര്‍ ബാങ്കിലേക്കാണ് കൈമാറിയത്.
സോഷ്യല്‍ മീഡിയ വഴിയും സുഹൃത്തുക്കള്‍ വഴിയുമാണ് കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്കുന്ന വിവരം അറിഞ്ഞത്.
ഹെയര്ബാങ്കുമായി ബന്ധപ്പെട്ട കുടുംബം മുടി നല്കാന് തയാറാണെന്ന് അറിയിച്ചിരുന്നു. തകഴി കാർമല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ് ദേവി. സഹോദരന് അനന്തകൃഷ്ണൻ.