ജിജി ലൂക്കോസ്
ന്യൂഡൽഹി: കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തോടു കേന്ദ്ര സർക്കാർ വിട്ടുവീഴ്ചയില്ലാതെ മുഖംതിരിച്ചുനിൽക്കുന്നതിനിടെ, കടുത്ത പ്രക്ഷോഭ നടപടികളിലേക്കു കടന്ന കർഷക സംഘടനകൾ തിങ്കളാഴ്ച നിരാഹാര സമരം പ്രഖ്യാപിച്ചു. വിവിധ കർഷക സംഘടനാനേതാക്കളാണു നിരാഹാര സമരം നടത്തുക.
റെയിൽവേ പാതകളും ദേശീയ പാതകളും ഉപരോധിച്ചും ടോൾ പ്ലാസയിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയും പ്രക്ഷോഭം കടുപ്പിക്കുന്നതിനിടെയാണ് കൂടുതൽ ശക്തമായ നീക്കവുമായി മുന്നേറാൻ കർഷക സംഘടനകളുടെ സമരം.
അതേസമയം, പ്രക്ഷോഭകാരികളിൽ ദേശവിരുദ്ധരും സാമൂഹ്യവിരുദ്ധരും മാവോയിസ്റ്റുകളുമുണ്ടെന്നും അവരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നുമുള്ള ആരോപണവുമായി കേന്ദ്രമന്ത്രിമാർ രംഗത്തെത്തി.
അങ്ങനെയെങ്കിൽ കേന്ദ്ര ഏജൻസികൾ അത്തരക്കാരെ പിടികൂടി അഴിക്കുള്ളിലാക്കണമെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത് വെല്ലുവിളിച്ചു. ഏതെങ്കിലും നിരോധിത സംഘടനയിലുള്ളവർ ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടെന്നു തങ്ങൾ കണ്ടിട്ടില്ല.
ഇനിയും അങ്ങനെയുള്ളവരെ കണ്ടിട്ടുണ്ടെങ്കിൽ ഇവിടെ നിർത്തുകയില്ല, അവരെ തങ്ങൾ പറഞ്ഞയയ്ക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകി.
ദേശവിരുദ്ധ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് കർഷക പ്രക്ഷോഭത്തിനു പിന്നിലെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും നിയമമന്ത്രി രവിശങ്കർ പ്രസാദും ആരോപിച്ചിരുന്നു.
കാർഷിക നിയമങ്ങൾ വളരെ ദോഷകരമാണെങ്കിൽ കർഷക ഉത്പാദക വിപണന സമിതികൾ (എംപിഎംസി- മണ്ഡികൾ) കേരളത്തിൽ രൂപീകരിക്കാത്തത് എന്തുകൊണ്ടാണെന്നും പിയൂഷ് ഗോയൽ ചോദിച്ചു.