മധ്യകാല റോമൻ വാസ്തുവിദ്യയുടെ സന്പന്ന പൈതൃകം പേറുന്ന ചെരിഞ്ഞ ഗോപുരം ഇന്നും ആളുകൾക്കു വിസ്മയമാണ്. ഇറ്റലിയിലെ ടസ്കണി മേഖലയിലെ തുറമുഖനഗരമായ പീസയിലാണ് ചെരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്.
ഇതിന്റെ നിർമാണം 1173-ൽ തുടങ്ങി 1399-ൽ പൂർത്തീകരിച്ചുവെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ. 14,500 ടണ് ഭാരമാണ് ഈ കെട്ടിടത്തിന് കണക്കാക്കിയിരിക്കുന്നത്. 1987-ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പീസ ഗോപുരം നിലകൊള്ളുന്ന പ്രദേശത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
പീസ ഗോപുരത്തിന്റെ മൂന്നാംനില പണിതുകൊണ്ടിരുന്നപ്പോഴാണ് ഗോപുരത്തിന്റെ ചെരിവ് ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്.
കളിമണ്ണും വെള്ളമണലും ചിപ്പികളും നിറഞ്ഞ, ഉറപ്പില്ലാത്ത തറമണ്ണിൽ ഗോപുരത്തിന്റെ അടിത്തറയുടെ ഒരു വശം താണതാണ് ചെരിവിനു കാരണമായത്. ഇറ്റാലിയൻ സിറ്റി സ്റ്റേറ്റുകൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതും അക്കാലത്തായിരുന്നു.
ഇതോടെ 1185-ൽ ഗോപുരത്തിന്റെ നിർമാണം മുടങ്ങി. നിർമാണ പ്രവർത്തനങ്ങൾ ഈ വിധം ദീർഘകാലത്തേക്ക് തടസപ്പെട്ടത് ഗോപുരത്തിന്റെ അടിസ്ഥാനം ഉറയ്ക്കുന്നതിനും ഗോപുരം തകർന്നടിയാതിരിക്കാനും കാരണമായെന്നാണ് വിലയിരുത്തൽ.
പിന്നീട് 1272-ൽ നിർമാണം പുനരാരംഭിച്ചപ്പോൾ ചെരിവ് നികത്താനായി ഉയരം കുറഞ്ഞ വശത്തെ പുതിയ നിലകൾക്ക് അല്പം ഉയരക്കൂടുതൽ നൽകി.
എന്നാൽ ഈ നിർമാണപ്രവർത്തനങ്ങൾ മൂലം ഗോപുരം കൂടുതൽ ചെരിയാനാരംഭിച്ചു. പിന്നീട് പല തവണ തടസപ്പെട്ടുവെങ്കിലും ഗോപുരത്തിന്റെ പണി 14-ാം ശതകത്തോടെ പൂർത്തിയാക്കാനായി.
എട്ടുനിലകളുള്ള പീസ ഗോപുരത്തിന് 56.67 മീ. ഉയരമുണ്ട്. ഗോപുരത്തിനകത്ത് സ്ഥിതിചെയ്യുന്ന ഇരട്ട പിരിയൻ ഗോവണിയുടെ ഒരുവശത്ത് 294 പടികളാണുള്ളത്. ചെരിവ് നികത്താനായി മറുഭാഗത്ത് രണ്ട് പടി കൂടുതലായി നിർമിച്ചിട്ടുണ്ട്.
ഗോപുരത്തിനുള്ളിലുള്ള ഏഴ് മണികളിൽ ഏറ്റവും വലിയ മണിയുടെ ഭാരം 3600 കിലോഗ്രാം ആണ്. മണി അടിക്കുന്പോഴുണ്ടാകുന്ന ആഘാതം ഗോപുരത്തിന്റെ ചെരിവ് കൂട്ടുന്നതായിക്കണ്ട് ഭാരം കൂടിയ മണികൾ നിശബ്ദമാക്കുകയുണ്ടായി.
ഇതിനിടെ സിമന്റ് കുത്തിവച്ചും മറ്റും പലവിധത്തിൽ അടിസ്ഥാനം ബലപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും 20-ാം ശതകത്തിന്റെ അന്ത്യമായപ്പോഴേക്കും പ്രതിവർഷം 1.2 മി.മീ എന്ന നിരക്കിൽ ഗോപുരം ചെരിയുന്നതായി കണ്ടു.
തുടർന്ന് 1990 മുതൽ 2001 വരെ സന്ദർശകരെ പ്രവേശിപ്പിക്കാതെ ഗോപുരം പൂട്ടിയിട്ടു.
ഇക്കാലയളവിലാണ് ഗോപുരത്തിന്റ ചെരിവ് പരിഹരിക്കുന്നതിനായി മണ്ണു നീക്കിയും മറ്റുമുള്ള നിർണായക പ്രവർത്തനങ്ങൾ നടത്തിയത്. ഈ പ്രവർത്തനങ്ങളുടെ ഫലമായി ഗോപുരത്തിന്റെ ചെരിവ് കുറയ്ക്കാനായി.
ഇതേത്തുടർന്ന് 2001 മുതൽ ഗോപുരം വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുത്തു. 2008 മേയ്മാസം വരെ, വിവിധ സെൻസറുകൾ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ ഗോപുരത്തിന്റെ ചെരിയൽ അവസാനിച്ചതായാണ് കണ്ടെത്തിയത്.
മാത്രമല്ല അടുത്ത 200 വർഷക്കാലത്തേക്ക് ഗോപുരം ഉറച്ചു നിൽക്കുമെന്നു വിവിധ എൻജിനിയർമാർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
തള്ളി മറിച്ചിടല്ലേ!
പീസ ഗോപുരം കാണാൻ വരുന്നവർ, നാലു പുറത്തും ഉള്ള അരമതിലിൽ കയറി നിന്ന്, ടവറിനെ തള്ളുന്നപോലെ ചിത്രം എടുക്കുന്നത് പതിവാണ്. സെലബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിലെടുത്ത, പീസ ഗോപുരം താങ്ങി നിർത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വന്ന വഴി
1063-ൽ പീസ നിവാസികൾ സിസിലി ദ്വീപിലെ പലേർമോ നഗരം ആക്രമിച്ചു കീഴ്പ്പെടുത്തി. വളരെയധികം സന്പത്തുമായി തിരിച്ചു വന്ന അവർ പീസ നഗരത്തിന്റെ കീർത്തിയെ എടുത്തുകാട്ടാൻ ഒരു പള്ളി സമുച്ചയം നിർമിക്കുകയായിരുന്നു.
ബൈബിൾ പഠനകേന്ദ്രം, മണിമേട(പീസ ഗോപുരം) സെമിത്തേരി, പ്രാർഥനാലയം എന്നിവയാണ് ഈ സമുച്ചയത്തിലുള്ളത്.
പീസ ഗോപുരത്തിന്റെ, യഥാർഥ ശില്പിയെ സംബന്ധിച്ച് ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്കിലും ബൊണാനോ പിസാനോ എന്ന എൻജിനിയറാണ് ഇതിന്റെ പ്രധാന ശില്പിയായി പൊതുവിൽ അംഗീകരിക്കപ്പെടുന്നത്.