ജോര്‍ജ് കള്ളിവയലില്‍
ന്യൂഡല്‍ഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ പ്രധാന കാരണക്കാര്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗും ആണെന്നു മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഓര്മക്കുറിപ്പില് കുറ്റപ്പെടുത്തി.
അന്തരിച്ച മുന്‍ രാഷ്ട്രപതിയുടെ അടുത്ത മാസം പ്രസിദ്ധീകരിക്കുന്ന ഓര്‍മക്കുറിപ്പുകളുടെ അവസാന ഭാഗത്താണ് സോണിയയെയും മന്മോഹനെയും പ്രണാബ് വിമര്‍ശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ കാലയളവില്‍ തികച്ചും സ്വേച്ഛാധിപത്യപരമായ ഒരു ഭരണരീതി ഉപയോഗിച്ചതായി തോന്നുന്നുവെന്ന് പ്രണാബ് തുറന്നടിച്ചു.
മോദി സര്‍ക്കാരും പാര്‍ലമെന്റും ജുഡീഷറിയും തമ്മിലുള്ള കയ്പേറിയ ബന്ധങ്ങളില്‍ ഇതു കാണാനാകും. മോദിയുടെ രണ്ടാംടേമില്‍ അത്തരം കാര്യങ്ങളില്‍ മെച്ചപ്പെട്ടോ എന്നു കാലത്തിനു മാത്രമേ പറയാന്‍ കഴിയൂ എന്നും പ്രണാബ് അഭിപ്രായപ്പെട്ടു.
താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 2014ല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമായിരുന്നില്ലെന്നു പാര്‍ട്ടിയിലെ ചിലര്‍ പറഞ്ഞിരുന്നു. ഈ കാഴ്ചപ്പാട് താന്‍ അംഗീകരിക്കുന്നില്ല.
എങ്കിലും താന്‍ രാഷ്ട്രപതിയായതോടെ പാര്‍ട്ടി നേതൃത്വത്തിനു രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടുവെന്ന് താന്‍ വിശ്വസിക്കുന്നു ’ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ്’ എന്ന തന്റെ പുസ്തകത്തിന്റെ ഇനി പ്രസിദ്ധീകരിക്കാനുള്ള അവസാന വാല്യത്തില്‍ പ്രണാബ് എഴുതി. രൂപ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
മന്മോഹന് സിംഗിനു പകരം താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാര്‍ട്ടി 2014ല്‍ തോല്ക്കില്ലെന്നു കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ പറഞ്ഞുവെന്നു പുസ്തകത്തിലുണ്ടെങ്കിലും ഏതൊക്കെ നേതാക്കളാണെന്നു പ്രണാബ് വ്യക്തമാക്കുന്നില്ല.
“പാര്‍ട്ടിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സോണിയ ഗാന്ധിക്കു കഴിഞ്ഞിരുന്നില്ല. അതേസമയം, പാര്‍ലമെന്റിലെ ഡോ. മന്മോഹന് സിംഗിന്റെ അഭാവം മറ്റ് എംപിമാരുമായുള്ള വ്യക്തിപരമായ അടുപ്പം ഇല്ലാതാക്കി’ പ്രണാബ് മുഖര്‍ജി തുറന്നെഴുതി.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങള്‍ക്കുശേഷം കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിനെതിരേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണു പ്രണബ് മുഖര്‍ജിയുടെ ഓര്മക്കുറിപ്പുകളെത്തുന്നത്.
സോണിയ, രാഹുല്‍ നേതൃത്വത്തിനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാക്കാന്‍ ഇതു കാരണമാകും. 2012ല്‍ രാഷ്ട്രപതിയാകുന്നതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും മിക്കവാറും എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരിലും അംഗവുമായിരുന്ന സമുന്നത നേതാവായിരുന്നു പ്രണാബ് മുഖര്‍ജി.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നതിന്റെ കാരണം ജനുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിമാരായ മന്മോഹന് സിംഗിനെയും പിന്‍ഗാമിയായ നരേന്ദ്ര മോദിയെയും മുഖര്‍ജി താരതമ്യം ചെയ്യുന്നു.
ഭരിക്കാനുള്ള ധാര്‍മിക അധികാരം പ്രധാനമന്ത്രിക്കാണെന്നു താന്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭരണസംവിധാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് രാജ്യത്തിന്റെ പൊതുവായ നില.
ഭരണത്തെ ബാധിച്ച സഖ്യത്തെ രക്ഷിക്കുന്നതിനായിരുന്നു ഡോ. സിംഗിന്റെ മുന്‍തൂക്കം, പ്രണാബ് അഭിപ്രായപ്പെട്ടു.