സ്വന്തം ലേഖകൻ
ന്യൂഡൽഹി: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നഷ്ടപരിഹാര വിതരണത്തിനായി നിർമാതാക്കൾ നൽകേണ്ടിയിരുന്ന 61.5 കോടി രൂപയിൽ ഇതുവരെ നൽകിയത് അഞ്ച് കോടി രൂപയിൽ താഴെ മാത്രമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി.
രണ്ട് ഫ്ളാറ്റ് നിർമാതാക്കൾ തുക നൽകിയപ്പോൾ രണ്ട് ഫ്ളാറ്റ് നിർമാതാക്കൾ ഇതുവരെ പണം നൽകിയിട്ടില്ലെന്നും ജസ്റ്റീസ് ബാലകൃഷ്ണൻ നായർ സമിതി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
മരടിൽ പൊളിച്ച നാല് ഫ്ളാറ്റ് സമുച്ചയങ്ങൾക്കുമായി നൽകാനുള്ള നഷ്ടപരിഹാര തുകയിൽ 4,89,80,000 രൂപ മാത്രമാണ് രണ്ട് നിർമാതാക്കളിൽ നിന്നു കിട്ടിയത്.
9.25 കോടി രൂപ നൽകേണ്ടിയിരുന്ന ഗോൾഡൻ കായലോരം നിർമാതാക്കളിൽ നിന്നു 2,89,86,000 രൂപ കിട്ടിയപ്പോൾ 15.5 കോടി രൂപ നൽകേണ്ടിയിരുന്ന ജയിൻ ഹൗസിംഗ് കണ്സ്ട്രക്ഷൻ രണ്ട് കോടി നൽകി.
17.5 കോടി രൂപ നൽകേണ്ട ആൽഫ സെറിൻ, 19.25 കോടി നൽകേണ്ട ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെ ഒരു രൂപ പോലും നൽകിയിട്ടുമില്ല.
ലഭിച്ച തുകയിൽ 1,20,30,000 രൂപ സമിതിയുടെ ചെലവുകൾക്കായി സംസ്ഥാന സർക്കാരിനു കൈമാറി. ബാക്കിയുള്ള 3.89 കോടി രൂപയിൽ 3.75 കോടി രൂപ സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും സമിതി അറിയിച്ചു.
നഷ്ടപരിഹാരം നൽകുന്നതിനായി വസ്തുവകകൾ വിൽക്കാൻ അനുവദിക്കണമെന്നാണ് ഫ്ളാറ്റ് നിർമാതാക്കളുടെ ആവശ്യം. ഇക്കാര്യം തിങ്കളാഴ്ച കോടതി പരിഗണിക്കും.
പൊളിച്ചു കളഞ്ഞ ഫ്ളാറ്റു സമുച്ചയത്തിലെ എല്ലാ ഉടമകൾക്കും 25 ലക്ഷം രൂപ വീതം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ തുക സംസ്ഥാന സർക്കാർ നൽകിയതിനെത്തുടർന്ന് 248 ഉടമകൾക്കായി സമിതി വിതരണം ചെയ്തിട്ടുണ്ട്.