നെടുമ്പാശേരി: കാറിനു പിന്നിൽ കെട്ടി വലിച്ചിഴച്ചതിനെത്തുടർന്നു പരിക്കേറ്റ നായയെ ചികിത്സയ്ക്കുശേഷം നായ്ക്കളുടെ സംരക്ഷണകേന്ദ്രമായ പറവൂരിലെ ദയ ഷെൽട്ടറിലേക്കു മാറ്റി. ടാർ റോഡിലുരഞ്ഞു നായയുടെ കാലിനും മസിലുകൾക്കും സാരമായി പരിക്കേറ്റിരുന്നു.
പറവൂർ ഗവ. മൃഗാശുപത്രിയിൽ ഡോ. ചന്ദ്രകാന്തിന്റെ നേതൃത്വത്തിലാണു ചികിത്സ നൽകിയത്. വളർത്താൻ താൽപര്യമുള്ളവർക്കു നായയെ കൈമാറാൻ തയാറാണെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ കുന്നുകര ചാലയ്ക്ക റോഡിലാണു നായയെ കാറിനു പിന്നിൽ കെട്ടി വലിച്ചിഴച്ചത്. മൂന്നു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയിരുന്നു.
ഈ ക്രൂരത കാട്ടിയ കാർ ഡ്രൈവർ നെടുമ്പാശേരി പുത്തൻവേലിക്കര കൊന്നംവീട്ടിൽ യൂസഫി (62) നെ സംഭവദിവസംതന്നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ഗതാഗത മന്ത്രിയുടെ നിർദേശമനുസരിച്ചു റദ്ദാക്കി.