പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി സ്റ്റീഫൻ നെടുന്പള്ളി കൈയടി വാരിക്കൂട്ടിയ ലൂസിഫറിലെ ആ ആക്ഷൻ രംഗം വൻ ചർച്ചാ വിഷയമായിരുന്നു.
എന്നാൽ ആ രംഗം ഉണ്ടായത് എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിൽ റിലീസ് ആയിരുന്നു. ലൂസിഫറിന്റെ മേക്കിംഗ് വീഡിയോകളിൽ ഒന്നാണിത്.
മോഹൻലാൽ അവതരിപ്പിക്കുന്ന ആ ചവിട്ടൽ രംഗം യഥാർഥത്തിൽ ചെയ്തു കാണിച്ചത് സംവിധായകൻ പൃഥ്വിരാജ് തന്നെയാണ്. ഒരു മതിലിൽ ചവിട്ടിയായിരുന്നു പൃഥ്വിരാജിന്റെ ഡെമോണ്സ്ട്രേഷൻ.
കറങ്ങി വന്ന് ഒരു കാൽ ചുഴറ്റി ചുമരിലേക്ക് കൃത്യമായി ചവിട്ടിക്കൊള്ളിച്ചായിരുന്നു പൃഥ്വിരാജിന്റെ പ്രകടനം.
പിന്നീടതു മോഹൻലാൽ ചെയ്യുകയും സിനിമ തിയറ്ററുകളിലെത്തിയപ്പോൾ ആ രംഗം വലിയ കൈയടി നേടുകയും ചെയ്തു.
മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ ലൂസിഫർ ഇന്റർനെറ്റ് സിനിമ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലും ടി.വി. ചാനലിലും ഉൾപ്പെടെ സംപ്രേഷണം ചെയ്ത് കഴിഞ്ഞു.
മുരളി ഗോപി ഒരുക്കിയ തിരക്കഥയിൽ ചിത്രം നിർമിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ്.
മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, സാനിയ അയ്യപ്പൻ, സായ് കുമാർ തുടങ്ങിയർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
സംവിധായകൻ ഫാസിലും ഒരു കഥാപാത്രമായി എത്തിയിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്പുരാൻ അനൗണ്‍സ് ചെയ്ത് കഴിഞ്ഞു.
-പി.ജി