കിഴക്കമ്പലം: കുമ്മനോട് തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടറുടെ നേരേ നടന്ന ആക്രമണത്തിൽ ആറ് പേരെ കൂടി കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടാലികൂടി അബ്ദൽഖാദിർ(50), ചക്കരക്കാട് മാഹിൻ അബൂബക്കർ (37), തേക്കല്കുടി മനാഫ് (34) കോട്ടാലികുടി ഹൈദരലി (45), കുടിലിൽ സിറാജ് (38), കൊട്ടാലികൂടി ഷംസുദ്ദീൻ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിൽ നാല് പേർ എൽ ഡിഎഫിന്റെയും രണ്ട് പേർ യുഡിഎഫിന്റെയും പ്രവർത്തകരാണ്. ഈ കേസിൽ ഒമ്പത് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇനി ഈ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
പഞ്ചായത്തിലെ കുമ്മനോട് വാർഡിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പ്രിറ്റുവും ഭാര്യ പ്രജിതയുമാണ് ആക്രമണത്തിനിരയായത്. സംഭവത്തെതുടർന്ന് ഇവർ ഇരുവരും കിഴക്കമ്പലത്തെ വാടക വീട്ടിൽനിന്നും മാറി നിൽക്കുന്നതായി വിവരമുണ്ട്.
രാഷ്ട്രീയ പ്രവർത്തകർ ഇവരുടെ മേൽ ഭീഷണി മുഴക്കുന്നതായും ഇതിൽ ഭയചകിതരായാണ് ഇവർ മാറി നിൽക്കുന്നതെന്നാണ് സൂചന. കിഴക്കമ്പലം പഞ്ചായത്തിലെ പല വാർഡുകളിലും വോട്ടർമാരെ വോട്ട് ചെയ്യാതിരിക്കാൻ രാഷ്ട്രീയ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായി ട്വന്റി-20 ആരോപിച്ചു.
പഞ്ചായത്തിലെ വിലങ്ങിൽ ഇതുമൂലം 21 ഓളം പേർ പാർട്ടിക്കാരെ ഭയന്ന് വോട്ട് രേഖപ്പെടുത്താതെ വീട്ടിൽത്തന്നെയിരുന്നതായും ട്വന്റി-20 പറഞ്ഞു.
പഞ്ചായത്തിലെ ചൂരക്കോട്, വിലങ്ങ്, ചേലക്കുളം, കുമ്മനോട് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർക്ക് രാഷ്ട്രീയക്കാരുടെ ഭീഷണിയെത്തുടർന്ന് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നാണ് ട്വന്റി-20 പറയുന്നത്.