
ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ഒളിച്ചുകളിയില്‍ രാഷ്ട്രീയ വിജയം കണ്ടു സിപിഎം
. തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതെ മാറിനിന്നുകൊണ്ടു സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരു പോലെ രക്ഷിച്ചെടുത്തിരിക്കുകയാണ് രവീന്ദ്രന്.
മൂന്നു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് രവീന്ദ്രനു മൂന്നാംതവണയും നോട്ടീസ് നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിലുണ്ടാകുന്ന തിരിച്ചടി മുന്നില്‍ കണ്ടു ഒളിച്ചുകളിക്കുകയായിരുന്നു രവീന്ദ്രന്.
ഇന്നു തെരഞ്ഞെടുപ്പ് മൂന്നു ഘട്ടവും പൂര്‍ത്തിയാകുന്നതോടെ രവീന്ദ്രന് ഇനി ഹാജരായേക്കും. ഇഡിയെ കബളിപ്പിക്കുന്ന രവീന്ദ്രനെതിരേ ശക്തമായ നീക്കമാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഈ ആഴ്ച തന്നെ തീരുമാനമുണ്ടാക്കുമെന്നാണ് അറിയുന്നത്. സ്വപ്നയേയും സരിത്തിനെയും ചോദ്യം ചെയ്തിട്ടുമാത്രമേ രവീന്ദ്രനെ വിളിപ്പിക്കുകയുള്ളൂ. സ്വപ്നയെമൂന്നു ദിവസത്തേക്കാണ് ഇഡി ചോദ്യം ചെയ്യാന്‍ അനുവാദം തേടുന്നത്.
അതു കൊണ്ടു തന്നെ ഈ ആഴ്ച അവസാനം മാത്രമേ രവീന്ദ്രന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം ചോദ്യം ചെയ്യലിനു ഹാജരാകണമെന്നരവീന്ദ്രനെ നിലപാട്അറിയിച്ചതോടെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യൽ ഉണ്ടായേക്കും.
സ്വര്‍ണക്കടത്തിനെ കുറിച്ച്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് മാത്രമല്ല മറ്റു ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നതായി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.
മൂന്നാം വട്ടവും ചോദ്യം ചെയ്യലിനു ഹാജരാകാതെ ആശുപത്രിയില്‍ ചികിത്സ തേടിയ രവീന്ദ്രനെ ആശുപത്രി ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ രവീന്ദ്രന് അറിയാതെ ഒരു കാര്യവും മുഖ്യമന്ത്രിയുടെ ഓഫീസിലുംസര്ക്കാര് പദ്ധതികളിലും നടന്നിട്ടില്ലെന്ന സൂചനയാണ് ഇഡിക്കു ലഭിച്ചിരിക്കുന്നത്.
ഇതേ സമയം നയതന്ത്രചാനല്‍വഴി സ്വര്‍ണം കടത്തിയ കേസിലും വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസിലും പ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ് എന്നിവരെ മൂന്നുദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇഡി നല്കിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
ഇരു പ്രതികളും കസ്റ്റംസിനു നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമെ ചില ഉന്നതര്‍ക്കുകൂടി പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും കസ്റ്റംസിനോടു വെളിപ്പെടുത്തിയിരുന്നു.
ശിവശങ്കറിനെ ചോദ്യംചെയ്തതില്‍ നിന്നു ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി ഇരുവരെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടിയത്.