കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്ന് ഒന്‍പത് വയസുകാരി. പരിസ്ഥിതി പ്രവർത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കർഷകർക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ച് സമരമുഖത്ത് എത്തിയത്.
സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും ലിസിപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കാലാവസ്ഥ പരിസ്ഥിതി പ്രവർത്തകർ കർഷകർക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ പറയുന്നു.
“എന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ല.’ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് ലിസി പ്രിയ പറഞ്ഞു.
കർഷക സമരം നടക്കുന്ന അതിർത്തികളിൽ അതിശൈത്യത്തിലും മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശിക്കുമൊപ്പവും കഴിഞ്ഞ പതിനാല് ദിവസങ്ങൾ ചിലവഴിച്ച കുട്ടികളെ കണ്ടു.
അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ ഉൾപ്പടെയുളള അവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് ലിസിപ്രിയ കർഷകരോട് അഭ്യർഥിച്ചു.
അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം, വരൾച്ച, മറ്റുള്ള കാലാവസ്ഥാവ്യതിയാനങ്ങൾ, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, വെട്ടുകിളികളുടെ ആക്രമണം തുടങ്ങിയവ കർഷകരുടെ വിളകളെ നശിപ്പിക്കുന്നു.
ആയിരക്കണക്കിന് കർഷകരാണ് വർഷം തോറും മരിക്കുന്നത്. കർഷകരുടെ ശബ്ദം കേൾക്കാൻ നമ്മുടെ നേതാക്കൾ തയാറാകണമെന്നും ലിസി പ്രിയ ട്വീറ്റ് ചെയ്തു.