നെന്മാറ: മാലിന്യനീക്കം മുടങ്ങിയതോടെ നെന്മാറ ടൗൺ ചീഞ്ഞുനാറുന്നു. ബസ് സ്റ്റാന്റിന് സമീപമായി മംഗലം ഗോവിന്ദാപുരം പ്രധാന റോഡിൽ റോഡുവക്കിലാണ് മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്നത്.
പഞ്ചായത്ത് അധികൃതർ മാലിന്യം നിക്ഷേപിക്കരുതെന്നെഴുതിയ മുന്നറിയിപ്പു ബോർഡിനു കീഴെയാണ് പ്ലാസ്റ്റിക് കിറ്റുകളും കടലാസ് ഗ്ലാസുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കൂടുകളും ഒഴിഞ്ഞ മദ്യ കുപ്പികളും കുപ്പി ഗ്ലാസുകളും എന്നീ സർവ്വ മാലിന്യ നിക്ഷേപങ്ങളും കിറ്റുകളിലാക്കി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
മാലിന്യ കൂന്പാരം കുന്നുകൂടിയ കാഴ്ച്ച പതിവാണ്. മാസങ്ങൾക്ക് മുന്പായി പഞ്ചായത്തുകൾ ഇവിടെ കുപ്പത്തൊട്ടികൾ സ്ഥാപിച്ചെങ്കിലും സാമൂഹ്യ ദ്രോഹികൾ കുപ്പത്തൊട്ടികൾ തീയിട്ടു നശിപ്പിച്ചു.
ഇതിൽ നിന്നുള്ള ദുർഗന്ധം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് വഴിയാത്രക്കാർക്കും ഏറെ ദുസ്സഹമായി തീർന്നിരിയ്ക്കുന്നു. അവശിഷ്ടങ്ങൾ കൊത്തി സമീപത്തെ കിണറുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നതും ഇവിടെ പതിവു സംഭവമാണ്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പഞ്ചായത്ത് വാഹനം ഈ വഴിയെ വരാറുണ്ടെങ്കിലും മാലിന്യം ഉപേക്ഷിച്ചു പോകുന്നവർക്ക് സമയക്രമമില്ലാത്തത് മാലിന്യ കൂന്പാരങ്ങൾ കുന്നുകൂടാൻ സാഹചരും ഒരുക്കുന്നെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഇവിടെ തീയിട്ടു നശിപ്പിക്കുന്ന രീതിയും പതിവാണത്രെ.പഞ്ചായത്ത് അധികൃതരോട് പലതവണ പരാതിപ്പെട്ടെങ്കിലും അവർ ചെവിക്കൊള്ളുന്നിലെന്ന പരാതിയും ജനങ്ങൾക്കിടയിൽ ശക്തമാണ്.
പ്ലാസ്റ്റിക് കവറുകളും മറ്റും വില്പന നടത്തുന്നതും ഉപയോഗിക്കുന്നതിനും നെന്മാറ പഞ്ചായത്തുകൾ നാളുകൾക്കു മുന്പായി നിരോധനമേർപ്പെടുത്തിയെങ്കിലും പ്രദേശത്തെ കടകളിൽ ഇത്തരം കവറുകൾ സുലഭമാണ്.
ഇത്തരം പ്ലാസ്റ്റിക് കവറുകളാണ് ഈ മാലിന്യ കൂന്പാരത്തിലേറെ കാണുന്നതും. പഞ്ചായത്തധികൃതർ നെന്മാറ ടൗണിലും പരിസരങ്ങളിലും നിന്ന് വാഹനത്തിലെത്തി മാലിന്യം സംഭരിക്കാറുണ്ടെങ്കിലും ടൗണിനോടു ചേർന്ന ബസ് സ്റ്റാൻഡിനോട് ചേർന് ഈ പ്രദേശങ്ങളിലെ മാലിന്യങ്ങൾ സംഭരിക്കാറില്ല.
രാത്രി സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മറ്റും എത്തി മാലിന്യങ്ങൾ ഉപേക്ഷിച്ചു കടന്നു കളയുന്നവരാണത്രെ. രാത്രി സമയങ്ങളിൽ മാലിന്യങ്ങൾ തിന്നുന്നതിനു വേണ്ടി എത്തി ചേരുന്ന നായ്ക്കളും കുറുക്കൻമാരുടെയും ശല്യവും കൂടി വരുന്നതും വാഹനയാത്രക്കാരായ ഇരുചക്രവാഹനക്കാർക്കും ഏറെ ഭീഷണിയായി തീർന്നിരിക്കുന്നു.