എരുമേലി: നാളെ ജനപ്രതിനിധിയായി തെരഞ്ഞെടുത്താലും ഉടനെ ജനപ്രതിനിധിയായി പ്രവർത്തനം ആരംഭിക്കാമെന്ന് ഇനി കരുതേണ്ട. പഞ്ചായത്ത് രാജ് നിയമം ഉൾപ്പെടെ ഭരണപ്രധാന കാര്യങ്ങൾ പഠിച്ച് പാസാകണം.
സത്യപ്രതിജ്ഞ കഴിഞ്ഞാൽ ഇതിനായി നാല് ദിവസത്തെ ഓണ്‍ലൈൻ ക്ലാസുകൾ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ )യുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതിന് ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ നടത്താനുള്ള പരിശീലന ക്ലാസുകളുടെ പരിശീലകർക്കായുള്ള നാല് ദിന ട്രെയിനിംഗ് ക്ലാസുകൾ മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ നടന്നു.
ഇതേ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പരിധിയിലും പരിശീലകർക്കായി ഓണ്‍ലൈൻ ക്ലാസ് സംഘടിപ്പിച്ചിരുന്നു. അതാത് പഞ്ചായത്തുകളിലെ കിലയുടെ റിസോഴ്സ് പേഴ്സണ്‍മാരാണ് പരിശീലകർ. ഇവർക്കായാണ് ആദ്യ ട്രെയിനിംഗ് ക്ലാസുകൾ നടന്നത്.
ജനപ്രതിനിധികളുടെ സത്യപ്രതിഞ്ഞ കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ ജനപ്രതിനിധികൾക്കായി റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തിൽ അതാത് പഞ്ചായത്തുകളിൽ ഓണ്‍ലൈൻ ക്ലാസ് നടക്കും.
നാലു ദിവസം നീളുന്ന ഈ ഓണ്‍ലൈൻ ക്ലാസുകളിൽ ഒട്ടേറെ പ്രധാന വിഷയങ്ങളാണ് ജനപ്രതിനിധികൾക്ക് പഠിക്കാനായുള്ളത്. പൊതുഭരണം, ആസൂത്രണം, ധനകാര്യം, മരാമത്ത്, സാമൂഹിക ക്ഷേമം, സാന്ത്വന പരിചരണം എന്നിവയാണ് അടിസ്ഥാന വിഷയങ്ങൾ.
ഇതിനു പുറമേ പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ, ലിംഗ നീതി, ദുരന്ത നിവാരണം, കാലാവസ്ഥ വ്യതിയാനം, സാമൂഹിക നീതി, ഭിന്നശേഷി സൗഹൃദം, ബാല സൗഹൃദം, സ്ത്രീ ശാക്തീകരണം എന്നിവയിലും പരിശീലനം നൽകും.
കിലയുടെ കേന്ദ്ര ഓഫീസിൽ നിന്ന് ഓണ്‍ലൈൻ ആയി ജനപ്രതിനിധികളോട് ഉദ്യോഗസ്ഥർ തത്സമയം തന്നെ സംശയ നിവാരണവും പരിശീലന ക്ലാസുകളും നൽകും.
പഞ്ചായത്തുകളിലെ ദൈനംദിന ഭരണത്തിന് അറിഞ്ഞിരിക്കേണ്ട പ്രധാനമായ വസ്തുതകൾ വിശദീകരിക്കുന്ന ഈ ക്ലാസുകളിൽ അവിശ്വാസ പ്രമേയം ഉൾപ്പെടെ പഞ്ചായത്ത് കമ്മിറ്റികളുടെ നടപടിക്രമങ്ങളും പഠിപ്പിക്കുന്നുണ്ട്.
മുൻകാലങ്ങളിൽ കിലയുടെ കേന്ദ്ര ഓഫീസിലെ ക്യാന്പസിൽ പലപ്പോഴായിട്ടാണ് ജനപ്രതിനിധികൾക്ക് പരിശീലനം നൽകിയിരുന്നത്. ഇത്തവണ കോവിഡ് നിയന്ത്രണം മുൻനിർത്തി ഇത് സാധ്യമല്ലാത്തതിനാൽ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ വെച്ച് സമഗ്രമായി ഒരേ ദിവസങ്ങളിൽ എല്ലായിടത്തും നടത്താനാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പരിശീലന ക്ലാസിൽ മന്ത്രിമാരും പരിശീലനം നേടാനായി പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ശരിക്കും പഠിച്ച ശേഷമാണ് ത്രിതല പഞ്ചായത്തുകളിൽ ഭരണം തുടങ്ങുകയെന്ന് സാരം.