കിഴക്കമ്പലം: മദ്യം നൽകാത്തതിൽ പ്രകോപിതരായി ഒരു സംഘം ബെവ്കോ ജീവനക്കാരെ ആക്രമിച്ചുവെന്ന് പരാതി. പട്ടിമറ്റം പുളിഞ്ചോടിലുള്ള ബെവ്കോ ഔട്ട്ലെറ്റിലെ ആറോളം ജീവനക്കാർക്കു നേരേയാണ് അക്രമണമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. ബെവ്കോ ആപ്പ് ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ ക്ഷുഭിതരായി അസഭ്യവർഷം നടത്തി അക്രമി സംഘം മടങ്ങി. ഞായറാഴ്ച്ച സംഘം വീണ്ടുമെത്തിയെങ്കിലും ടോക്കണില്ലാത്തതിനാൽ ജീവനക്കാർ മദ്യം നൽകിയില്ല.
പിന്നാലെ സംഘം പ്രകോപിതരായി ജീവനക്കാർക്ക് നേരെ വധഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് 10 ഓളം പേരടങ്ങുന്ന സംഘം വൈകിട്ടോടെ ഔട്ട്ലെറ്റിൽ വീണ്ടുമെത്തി. ഇതിനിടെ ബെവ്കോയിൽനിന്നു ജീവനക്കാരൻ പുറത്തിറങ്ങിയപ്പോൾ ഇവർ സംഘമായി ചേർന്ന് ആക്രമിക്കുകയായിരുന്നു.
സഹപ്രവർത്തകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന മറ്റ് ജീവനക്കാരെയും സംഘം ക്രൂരമായി മർദിച്ചു. ഇത് സംബന്ധിച്ച് കുന്നത്തുനാട് പോലീസിൽ പരാതി നൽകിയതായി ബെവ്കോ ജീവനക്കാർ പറഞ്ഞു.
കൂടാതെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ജീവനക്കാരനെ പിന്തുടർന്ന് വധഭീഷണി മുഴക്കി അക്രമിക്കാൻ ശ്രമിച്ചതായും ജീവനക്കാർ പറഞ്ഞു.
പിന്നീട് തിങ്കളാഴ്ച വൈകിട്ടും അക്രമികൾ ബെവ്കോ ഔട്ട്ലെറ്റ് പരിസരത്ത് ജീവനക്കാരെ അപായപ്പെടുത്താൻ തക്കം പാർത്തിരുന്നു. തങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്ന അക്രമി സംഘത്തെ പോലീസ് ഉടൻ പിടികൂടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
കിഴക്കമ്പലത്ത് വടിവാൾ ആക്രമണക്കേസിലെ പ്രതികളാണ് അക്രമി സംഘത്തിലുള്ളതെന്ന് സൂചനയുണ്ട്.