തൃശൂർ: തൃശൂർ കോർപറേഷനിൽ ഇത്തവണയും ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലെങ്കിലും എൽഡിഎഫ് ഭരണത്തിലേക്ക്. കോണ്‍ഗ്രസ് വിമതനായി മൽസരിച്ചു ജയിച്ച എം.കെ. വർഗീസ് എൽഡിഎഫിനൊപ്പം നിൽക്കുമെന്ന സൂചന നൽകിയതോടെയാണ് ഇടതുപക്ഷത്തിനു ഭരണത്തുടർച്ചയ്ക്കു കൂടുതൽ പ്രതീക്ഷയായത്.
നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എൽഡിഎഫ്. 55 കൗണ്‍സിലിൽ തെരഞ്ഞെടുപ്പു നടന്ന 54 ഡിവിഷനുകളിൽ 24 സീറ്റുമായി എൽഡിഎഫ് മുന്നിലാണ്. യുഡിഎഫിന് 23 സീറ്റും. കോണ്‍ഗ്രസ് വിമതനായി നെട്ടിശേരിയിൽനിന്ന് ജയിച്ച എം.കെ. വർഗീസ് എൽഡിഎഫിനൊപ്പം ചേർന്നാൽ അംഗബലം 25 ആകും.
54 അംഗ സൗണ്സിലിൽ ഭൂരിപക്ഷത്തിന് 27 പേരുടെ പിന്തുണ വേണം. മാറ്റിവച്ച പുല്ലഴിയിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചാലും എൽഡിഎഫിനൊപ്പം എത്താനാവില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിമതനായ വർഗീസ് എൽഡിഎഫിനെ പിന്തുണയ്ക്കാൻ ചിന്തിക്കുന്നത്.
പിന്തുണ തേടി മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും കോണ്‍ഗ്രസ് നേതാക്കളും വർഗീസുമായി സംസാരിച്ചിട്ടുണ്ട്.
വർഗീസിന് എൽഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാനാണു സാധ്യത.
ലാലൂരിൽനിന്നു ജയിച്ച സിപിഎം നേതാവ് പി.കെ. ഷാജനോ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയോ മേയറായേക്കും.എം.കെ. വർഗീസ് രണ്ടാം തവണയാണു കോണ്‍ഗ്രസ് വിമതനായി മൽസരിച്ചു കോർപറേഷൻ കൗണ്‍സിലിലെത്തുന്നത്.