കോട്ടയം: അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെയാണ് തോറ്റ ചില സ്ഥാനാർഥികളുടെ കാര്യം. വോട്ടു ചെയ്തില്ലെന്ന കാരണത്തിൽ വോട്ടർമാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി.
ഇന്നലെ വൈകുന്നേരം 5.25നു വടവാതൂരിലാണ് സംഭവം. ഫലം പുറത്തു വന്നപ്പോൾ തോറ്റ സ്ഥാനാർഥിയും സഹപ്രവർത്തകരും വയോധികനെയും അതിഥി തൊഴിലാളിയേയും മർദ്ദിക്കുകയായിരുന്നു. വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി പോൾസണ്‍ പീറ്ററും സംഘവുമാണ് ആളുകളെ മർദ്ദിച്ചത്.
വടവാതൂർ സെമിനാരിയിൽനിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ചന്ദ്രൻ, മുനിറൂൾ ഷേക്ക് എന്നീ തൊഴിലാളികൾക്കു മർദ്ദനമേറ്റു.
തെരഞ്ഞെടുപ്പിൽ പോൾസണ്‍ പരാജയപ്പെട്ടിരുന്നു.
സെമിനാരി ഗേറ്റിനു സമീപമുള്ള കവലയിൽ വോട്ടുചെയ്തില്ലെന്നു പറഞ്ഞു തൊഴിലാളികളെ തടഞ്ഞു നിർത്തി പോൾസണും മറ്റും രണ്ടു പേരും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ സമീപവാസിയോട് സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഈസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.