പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിനു മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ പോലീസ് കർശന നടപടികളിലേക്ക്.
ബിജെപി കൗണ്‍സിലർമാരും പോളിംഗ് ഏജന്റുമാരുമടക്കം പത്തുപേർ പ്രതികളാകും. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ ടൗണ്‍ സൗത്ത് പോലീസ് ആണ് കേസെടുത്തത്.
സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് എസ്പി റിപ്പോർട്ട് തേടി. ഐപിസി 153 -ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിവിധ വിഭാഗങ്ങൾക്കിടയിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പെരുമാറിയെന്നാണ് കേസ്.
ജാമ്യം അനുവദിക്കാവുന്ന വകുപ്പാണ് ഇത്. ഒരു വർഷം വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബുധനാഴ്ച വോട്ടെണ്ണൽ ദിനത്തിലായിരുന്നു സംഭവം. വോട്ടെണ്ണൽ നടക്കുന്ന സമയത്ത് നഗരസഭാ കെട്ടിടത്തിനു മുകളിൽ ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തുകയായിരുന്നു.
ഇതിനു മറുവശത്തായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ഫ്ളക്സും ഉയർത്തി. സംഭവം ശ്രദ്ധയിൽപെട്ട പോലീസ് എത്തിയപ്പോഴേയ്ക്കും ഫ്ളക്സ് നീക്കം ചെയ്തു.
എന്നാൽ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു. സംഭവത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും പോലീസിൽ പരാതി നല്കി. ഇതിനു ശേഷമാണ് നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നല്‍കിയത്.
ഫ്ളക്സ് ഉയർത്തിയ സമയത്ത് നഗരസഭാ മന്ദിരത്തിന്റെ മുകൾ നിലയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് കേസെടുത്തത്. പോലീസ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
എന്നാൽ പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല സംഭവം എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പക തീർക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മുമെന്ന് ബിജെപി ആരോപിച്ചു.