
പാചകം ചെയ്യുക എന്നത് ഒരു കലയാണെന്ന് പറയാറുണ്ട്. ആർക്കും പാചകം ചെയ്യാൻ പറ്റും. പക്ഷെ രുചികരമായി ഭക്ഷണം തയാറാക്കുന്നതിലാണ് കാര്യം.
ചിലർക്ക് ചില വിഭവങ്ങൾ നന്നായി പാചകം ചെയ്യാൻ കഴിയും. ചിലരാകട്ടെ പാചകത്തിൽ പരീക്ഷണം നടത്തി പുതിയ വിഭവങ്ങൾ ഉണ്ടാക്കും. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടിക്ക് പാചകം വെറും കുട്ടിക്കളിയാണ്.
അമ്പത്തെട്ടു മിനിറ്റുകൊണ്ട് നാല്പ്പത്താറ് വിഭവങ്ങളൊരുക്കിയാണ് എസ്. എന്‍. ലക്ഷ്മി സായി ശ്രീ എന്ന പെണ്‍കുട്ടി ലോകറിക്കാർഡ് നേടിയത്. അമ്മയുടെ പാചകം കണ്ട് ഇഷ്ടം തോന്നിയാണ് ലക്ഷ്മിയും ഒരു കൈനോക്കാന്‍ തീരുമാനിച്ചത്.
46ലോക്ഡൗണ്‍കാലത്താണ് ലക്ഷ്മി പാചകപരീക്ഷണങ്ങള്‍ തുടങ്ങിയത്. അമ്മ എന്‍ കലൈമകളുടെ സഹായത്തോടെയാണ് ആദ്യം പാചകം തുടങ്ങിയത്. പിന്നെ ഒറ്റയ്ക്കായി പാചകം.
മകള്‍ നന്നായി ഭക്ഷണമുണ്ടാക്കുമെന്ന് കണ്ട അച്ഛനാണ് ലോക റിക്കാര്‍ഡ് നേടാന്‍ ഒരു ശ്രമം നടത്താമെന്ന് അവളോട് പറഞ്ഞത്. തുടർന്ന് ഇന്റർനെറ്റിൽ പരതിയപ്പോഴാണ് കേരളത്തില്‍ നിന്നുള്ള 10 വയസുകാരി സാന്‍വിയുടെ റിക്കാർഡ് ശ്രദ്ധയിൽപ്പെട്ടത്.
സാന്‍വി 30 വിഭവങ്ങളായിരുന്നു പാചകം ചെയ്തത്. തുടർന്നാണ് ആ റിക്കാർഡ് തകർക്കാനുള്ള ശ്രമം ആരംഭിച്ചത്. “അമ്മയില്‍ നിന്നാണ് ഞാന്‍ പാചകം പഠിച്ചത്. ഈ നേട്ടത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.’ – ലക്ഷ്മി പറഞ്ഞു.