അഭിനേതാവ്, സംവിധായകന്, നിര്‍മാതാവ്, തുടങ്ങി എല്ലാ റോളുകളിലും തിളങ്ങിയ പ്രതാപ് പോത്തന് പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന വാര്‍ത്ത ഏറെനാള്‍ മുമ്പു കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രം ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. അഞ്ജലി മോനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്മാന് നായകനാകേണ്ടിയിരുന്ന ചിത്രം ഉപേക്ഷിച്ചേക്കുമെന്ന സൂചന നല്‍കിയത് പ്രതാപ് പോത്തനാണ്. കാരണവും അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ നല്കുന്നു. ഒരു ഛായഗ്രാഹകന്‍ അദ്ദേഹത്തെ അപമാനിച്ചത്രേ. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ട് ഒരു പ്രമുഖ ഛായാഗ്രാകനെ പോത്തന് സമീപിച്ചിരുന്നു. എന്നാല്‍ അറുപത് കഴിഞ്ഞ താങ്കള്‍ക്ക് മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറിയില്ല എന്ന് പറഞ്ഞ് ആ ഛായാഗ്രാഹകന്‍ പ്രതാപ് പോത്തനെ ഇറക്കിവിട്ടത്രേ.
ഏതാണ് ആ ഛായാഗ്രാഹകന്‍ എന്നു പ്രതാപ് പോത്തന് പറഞ്ഞില്ലെങ്കിലും, ആളെ തിരിച്ചറിയാന്‍ വ്യക്തമായ സൂചന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. താന്‍ പരിചയപ്പെടുത്തിയ ഒരു ഛായാഗ്രാഹകനാണെന്നാണ് പറഞ്ഞത്. ഫേ്സബുക്ക് പോസ്റ്റില്‍ പോത്തന് ഉദ്ദേശിച്ച ഛായാഗ്രാഹകന്‍ രാജീവ് മേനോന് ആണെന്ന് ചിലര്‍ പറയുന്നു. പ്രതാപ് പോത്തന് സംവിധാനം ചെയ്ത ചൈതന്യ എന്ന ചിത്രത്തിലൂടെയാണ് രാജീവ് മേനോന് സ്വതന്ത്ര സംവിധായകനായത്. എന്തായാലും സിനിമ പ്രേമികള്‍ക്ക് നല്ലൊരു വിരുന്നു നഷ്ടപ്പെട്ടേക്കുമെന്നതാണ് ദു:ഖം.