കോഴിക്കോട് : കോവിഡ് ഭീതിക്കിടെ ജില്ലയില്‍ 15 പേര്‍ക്ക് ഷിഗെല്ല രോഗലക്ഷണം. കോഴിക്കോട് മെഡിക്കല്‍കോളജിലും സ്വകാര്യ ആശുപയ്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് രോഗ ലക്ഷമുള്ളത്.
ഇതില്‍ 10 പേര് കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടിക്കല്‍താഴം കൊട്ടംപറമ്പിലെ ചോലയില്‍ വീട്ടില്‍ അദ്നാന് ഷാഹുല്‍ ഹമീദ്(11) മരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കുട്ടികയുടെ ശവസംസ്കാര ചടങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്. ഇവരെ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വീട്ടിലെ കിണറിലെ വെള്ളം ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഈ കിണറിലെ വെള്ളം ശാസ്ത്രീയ പരിശോധനക്കായി റീജണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ എന്ന് ഡിഎംഒ വി.ജയശ്രീ അറിയിച്ചു. നഗരസഭാ ആരോഗ്യവിഭാഗം മായനാട് വാര്‍ഡിലെ കോട്ടപ്പറമ്പ് പ്രദേശത്തെ അമ്പതോളം കിണറുകള്‍ ക്ളോറിനേഷന്‍ ചെയ്തിരുന്നു.
ഇന്ന് ബാക്കിയുള്ള കിണറുകള്‍ കൂടി അണുവിമുക്തമാക്കും. നാളെ പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തും.
എന്താണ് ഷിഗെല്ല രോഗം
ഷിഗെല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു.
എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്നം ഗുരുതരമാക്കും.