ദുബായിയിലെ അന്താരാഷ്ട്ര പരസ്യമോഡലും മലയാളിയുമായ ഐസിൻ ഹാഷ്, നയൻതാര -കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴൽ’ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ സിനിമകളുടെയും നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.
അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ.
കിൻഡർ ജോയ്, ഫോക്സ്വാഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, വാവെ, ഹെയ്ൻസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്.
ദുബൈ, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമാണ്.
ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസിൽ ഇന്റർവ്യൂ ചെയ്ത് അന്താരാഷ്ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും ബ്ലൂ ടിക്ക് വേരിഫിക്കേഷൻ വളരെ ചെറിയ പ്രായത്തിൽ ലഭിച്ച അപൂർവം കുട്ടി സെലിബ്രിറ്റികളിൽ ഒരാൾകൂടിയാണ് ഐസിൻ.
സർപ്രൈസ് ഗിഫ്റ്റ്
നയൻതാര നൽകിയ സർപ്രൈസ് ഗിഫ്റ്റിന്റെ ത്രില്ലിലാണ് ഐസിൻ ഹാഷ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ താരത്തിന്റെ മനസ് കീഴടക്കിയ ഐസിന്റെ ഏറെ ഇഷ്ട്ടമുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ കളിപ്പാട്ടങ്ങളും വിലകൂടിയ ചോക്ക്ലേറ്റുകളുമാണ് നയൻതാര സമ്മാനമായി നൽകിയത്.
നയൻതാര സിനിമയിലെ അവസാന രംഗവും അഭിനയിച്ചുകഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഐസിനും നൽകി ഒരു കിടിലൻ സർപ്രൈസ്. രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഡിജിറ്റൽ പെയിന്റിംഗാണ് നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്.
സിനിമയിലേക്കുള്ള വഴി
മൂന്നാം വയസിൽ ഒരു വീഡിയോ വൈറലായതോടെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. പിന്നീട് സമൂഹമാധ്യമങ്ങളിൽ ഐസിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ ചെറിയ രീതിയിലുള്ള ഫോട്ടോഷൂട്ടുകളും ആരംഭിച്ചു.
മുൻപ് ചില സിനിമകളിൽ അഭിനയിക്കാൻ ഐസിനു വിളി വന്നെങ്കിലും, പല കാരണങ്ങൾകൊണ്ടും നടക്കാതെപോയി.
പിതാവിന്റെ സുഹൃത്തുവഴിയാണ് നിഴൽ സിനിമയുടെ സഹ സംവിധായകൻ സന്ദീപ് ബന്ധപ്പെടുന്നതും ദുബായിവെച്ച് സൂം കോൾ വഴി ഒഡീഷനിൽ പങ്കെടുക്കുന്നതും.
കോവിഡ് കാലത്തെ വിമാനയാത്ര ആയിരുന്നു ഒരു പ്രധാനവെല്ലുവിളി. എങ്കിലും അവസാന നിമിഷം ഒഡീഷൻ ചെയ്ത നൂറുകണക്കിന് കുട്ടികളിൽനിന്നും ഐസിനെ തെരഞ്ഞെടുക്കുകയായിരുന്നു.
സിനിമയ്ക്കൊപ്പം പഠനവും
അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ ഗ്രേഡ് 2 വിദ്യാർഥിയാണ് ഐസിൻ. ഇപ്പോൾ ഓൺലൈൻ പഠനമായതുകൊണ്ട് എവിടെയിരുന്നും ക്ളാസിൽ ജോയിൻ ചെയ്യാമെന്നുള്ള ഒരു പ്രത്യേകതയുണ്ട്.
അതുകൊണ്ടുതന്നെ ക്ളാസുകൾ അധികം നഷ്ടപ്പെട്ടിട്ടില്ല. സിനിമ ഷൂട്ടിംഗിനിടയ്ക്ക് നടന്ന പല പരീക്ഷകളും സെറ്റിൽ വെച്ചാണ് എഴുതിയത്.
കുടുംബം
ദുബായിയിൽ താമസമാക്കിയ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി ലുല്ലു ഹാഷിന്റെയും മകനാണ് ഐസിൻ. ഏക സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിൻ ഹാഷും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
– പി.ശിവപ്രസാദ്