വി.കെ. രാജു
അസി. കമ്മീഷണര്‍ തൃശൂര്‍ സിറ്റി പോലീസ്
ഇപ്പോൾ തൃശൂർ സിറ്റി പോലീസ് അസി.കമ്മീഷണർ ആയിരിക്കുന്ന വി.കെ.രാജു എറണാകുളം ക്രൈംബ്രാഞ്ചില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന സമയം.
പത്തു വര്‍ഷം മുമ്പ് നടന്ന ഒരു മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഫയൽ അദ്ദേഹത്തിന്റെ മുന്നിൽ വന്നു. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഈ കേസിലെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ആ കേസിന്റെ പിറകെ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. ഈ കേസിന്റെ തുടക്കം റോസിലി എന്ന സ്ത്രീയിൽനിന്നാണ്. റോസിലിയെ പരിചയപ്പെടാം.
കൂസാത്ത റോസിലി
ആരെയും ഭയപ്പെടാത്ത സ്ത്രീയായിരുന്നു റോസിലി. 46കാരിയായ അവര്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം തൃശൂര്‍ വെള്ളിക്കുളങ്ങര രണ്ടുകൈയിലായിരുന്നു താമസം.
തന്നോട് ആരെങ്കിലും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ അവരെ ചീത്ത പറഞ്ഞ് ഓടിക്കാനുള്ള ചങ്കൂറ്റം അവർ പലപ്പോഴും കാണിച്ചിരുന്നു.
പക്ഷേ, 2003ലെ ഒരു പ്രഭാതത്തില്‍ ആ നാടു മുഴുവന്‍ ഉണര്‍ന്നതു റോസിലിയുടെ മരണവാര്‍ത്ത കേട്ടായിരുന്നു.
മുളപ്പില തേക്ക് പ്ലാന്റേഷനില്‍ കഴുത്തില്‍ പശുവിന്റെ കയര്‍ കുരുങ്ങിയ നിലയില്‍ റോസിലി മരിച്ചു കിടക്കുന്നു എന്നതായിരുന്നു വാർത്ത.
സംഭവം അറിഞ്ഞു ലോക്കല്‍ പോലീസ് സ്ഥലത്തെത്തി. തെളിവെടുപ്പ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൊലപാതകത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവാത്തതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പുലർച്ചെ നിലവിളി
സമീപവാസിയായ ചാക്കോയുടെ മൊഴിയും മറ്റൊരു തെളിവായി പോലീസ് രേഖപ്പെടുത്തി. റോസിലി മരിച്ചു കിടന്ന സ്ഥലത്തുനിന്നു പുലര്‍ച്ചെ ഒരു നിലവിളി കേട്ടു എന്നായിരുന്നു മൊഴി. “എന്നെ രക്ഷിക്കണേ, ഇവിടാരുമില്ലേ’ എന്നൊരു അലര്‍ച്ചയാണ് താന്‍ കേട്ടതെന്നാരുന്നു ചാക്കോയുടെ മൊഴി.
ആ സ്ഥലത്തേക്ക് ആ സമയത്ത് ഒറ്റയ്ക്കു പോകാന്‍ ഭയം തോന്നിയതുകൊണ്ട് പോയില്ല. പിന്നീടു പള്ളിയിലെ അച്ചനെയും മറ്റും കൂട്ടി ചെന്നപ്പോഴാണ് റോസിലി മരിച്ചു കിടക്കുന്നതു കണ്ടതെന്നുമായിരുന്നു ചാക്കോ മൊഴി നല്‍കിയത്.
പ്രദേശത്തെ ചാരായ ലോബികളെ കേന്ദ്രീകരിച്ചു ലോക്കല്‍ പോലീസ് അന്വേഷണം നടത്തി. എന്നാല്‍, നടന്നതു കൊലപാതകമാണെന്ന് ഉറപ്പിക്കാൻ മതിയായ തെളിവുകള്‍ പോലീസിനു ലഭിച്ചില്ല.
(തുടരും)
തയാറാക്കിയത്: സീമ മോഹൻലാൽ