കോഴിക്കോട്: കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞു. താരസ്ഥാനാര്ഥികളാരൊക്ക വിജയകീരീടമണിഞ്ഞുവെന്നും വ്യക്തമായി. ഇനി പ്രതീക്ഷയുടെ ക്രിസ്മസ് രാവുകളാണ്.
അതിനുള്ള ‘താരകങ്ങള്‍’ ഒരുങ്ങികഴിഞ്ഞു. പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ നക്ഷത്രക്കൂട്ടമെത്തി. ഇത്തവണ മാനത്തുദിച്ചുയരാന് സാക്ഷാല്‍ കൊറോണയും ഇറങ്ങിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ രൂപത്തിലുള്ള നക്ഷത്രമാണ് വിപണിയിലെ താരം. വിലയല്‍പ്പം കൂടുതലാണെങ്കില്‍ കൊറോണയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. 850 രൂപയാണ് ഇതിന് വില.
ചൈനീസ് നക്ഷത്രങ്ങള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായതോടെ മറ്റ് നക്ഷത്രങ്ങള്‍ക്കും വില അല്പം കൂടിയിട്ടുണ്ട്.എങ്കിലും പേപ്പര്‍ നക്ഷത്രങ്ങളും എല്‍ഇഡി നക്ഷത്രങ്ങളും തന്നെയാണ് കടകളില്‍ കൂടുതലായുള്ളത്.
കൂട്ടത്തില്‍ എല്ഇഡിക്കാണ് ഏറെ ആവശ്യക്കാരുള്ളത്. വേഗത്തില്‍ കേടാവാത്തതും വാങ്ങിച്ചാല്‍ മൂന്ന് വര്‍ഷം വരെ കേടുകൂടാതെ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാലാണിത്.
എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് 150 മുതല്‍ 500 രൂപവരെയാണ് വില. രണ്ട് വ്യത്യസ്ത നിറങ്ങളില്‍ പ്രകാശിക്കുന്നവയ്ക്കാണ് ആവശ്യക്കാരെന്നും കച്ചവടക്കാര്‍ പറയുന്നു. പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് 10 രൂപ മുതല്‍ 300 രൂപ വരെയാണ് വില.
കടലാസ് നക്ഷത്രങ്ങള്‍ കാഴ്ചയില്‍ സുന്ദരമാണെങ്കിലും വേഗത്തില്‍ നശിക്കുമെന്നതിനാല്‍ തന്നെ ആളുകള്‍ക്ക് വാങ്ങിക്കാന്‍ അല്പം മടിയാണ്. കൊല്ലം, എറണാകുളം ഭാഗത്തു നിന്നുമാണ് നക്ഷത്രങ്ങള്‍ പ്രധാനമായും എത്തുന്നത്.
കിസ്മസ് പപ്പയുടെ വര്‍ണത്തിലുള്ള മാസ്ക്കും ഇത്തവണയുണ്ട്. ഒരു വയസുള്ള കുട്ടിക്ക് ഇടാവുന്നതു മുതല്‍ വലിയവര്‍ക്ക് ധരിക്കാവുന്ന മാസ്ക്കുകളുമുണ്ട്. 240 രൂപ മുതല്‍ 1300 രൂപ വരെയാണ് ഇവയ്ക്ക് വില.
ഇതിനു പുറമെ ക്രിസ്മസ് ട്രീ, ക്രിസ്മസ് സെറ്റ്, പുല്‍ക്കൂട്, മറ്റ് അലങ്കാരങ്ങള്‍ എന്നിവയും വിപണി കീഴടക്കിയിരിക്കുകയാണ്. ഒരടി മുതല്‍ 10 അടി വരെയുള്ള ക്രിസ്മസ് ട്രീകള്‍ വിപണിയിലുണ്ട്. 68 രൂപ മുതല്‍ 3200 രൂപ വരെയാണ് വില.
ഒരടി മുതല്‍ നാലടി വരെ നീളത്തിലുള്ള റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്ക് 130 മുതല്‍ 5900 രൂപ വരെയാണ് വില. പുല്‍ക്കൂട്ടില്‍ വയ്ക്കുന്ന രൂപങ്ങളുടെ സെറ്റിന് 380 മുതല്‍ 1800 രൂപ വരെയാണ് വില.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടഞ്ഞു കിടക്കുന്നതിനാല്‍ ക്രിസ്മസ് പപ്പയുടെ വസ്ത്രത്തിന് ആളുകള്‍ കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു.