തൊടുപുഴ: ശന്പളം ലഭിക്കാത്തതിനെതുടർന്ന് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കി. ഇന്നലെ രാവിലെ മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയാണ് ആംബുലൻസ് ജീവനക്കാർ സൂചന പണിമുടക്ക് നടത്തിയത്.
സംസ്ഥാന വ്യാപകമായി 108 ആംബുലൻസ് ജീവനക്കാർ നടത്തിയ പണിമുടക്കിന്റെ ഭാഗമായാണ് ജില്ലയിലും ജീവനക്കാർ പണിമുടക്കിയത്.
കോവിഡ് വ്യാപനത്തോടെ എല്ലാ ദിവസവും 24 മണിക്കൂറും ജോലിയിൽ വ്യാപൃതരായിരിക്കുന്ന ആംബുലൻസ് ജിവനക്കാർക്കാണ് പലപ്പോഴും ശന്പളം നിഷേധിക്കുന്നത്.
മുൻപും സമാന രീതിയിൽ മാസങ്ങളോളം ശന്പളം മുടങ്ങിയിട്ടുണ്ടെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുന്നു.
ജില്ലയിലാകെ പതിനഞ്ച് 108 ആംബുലൻസുകളാണ് ഇപ്പോൾ കോവിഡുമായി ബന്ധപ്പെട്ട് ഓടുന്നത്. ഇതിൽ ഷിഫ്്റ്റ് അടിസ്ഥാനത്തിൽ ഡ്രൈവർമാരും നഴ്സുമാരും ജോലി ചെയ്യുന്നുണ്ട്.
സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണെങ്കിലും ആന്ധ്രപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. അവരാണ് ആംബുലൻസ് ജീവനക്കാർക്ക് ശന്പളം നൽകേണ്ടത്.
എന്നാൽ രണ്ടു മാസത്തോളമായി മുടങ്ങിയ ശന്പളം പലതവണ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഏജൻസി തയാറായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
ഒരുമാസം പോലും കൃത്യമായി വേതനം ലഭിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. ഇതിനു പുറമെ ജീവനക്കാരുടെ ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് എന്നിവയും ഏജൻസി കൃത്യമായി അടക്കാതെ കുടിശിക വരുത്തിയിരിക്കുകയാണ്.
കോവിഡ് വ്യാപനമേറിയതോടെ കൊറോണ പോസിറ്റീവാകുന്ന ആളുകളെ കോവിഡ് സെന്ററുകളിലും ആശുപത്രികളിലും എത്തിക്കുന്ന ജോലി മാത്രമാണ് 108 ആംബുലൻസ് ജീവനക്കാർ ചെയ്യുന്നത്.
അതീവ ജാഗ്രതയും ഉത്തരവാദിത്വവുമുള്ള ജോലി രാത്രിയും പകലുമില്ലാതെ കൃത്യമായി ചെയ്യുന്ന ജീവനക്കാർക്ക് ശന്പളം ലഭിക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പും വേണ്ട ഇടപെടൽ നടത്തുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
ഇന്നലെ ഉച്ചവരെ നടത്തിയ പണിമുടക്കിനുശേഷം വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസ് ജീവനക്കാർ തയാറായി.
അടുത്തദിവസംതന്നെ വേതനം നൽകാമെന്ന് ഏജൻസി അധികൃതർ ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് ഇവരുടെ തീരുമാനം.