ചെറുതോണി: പതിനഞ്ചുദിവസം മാത്രം പ്രായമായ ഏക മകളുടെ മുഖം കൊതിതീരെ കാണുംമുന്പേ ഡയസ് യാത്രയായി.
കഴിഞ്ഞദിവസം മരിയാപുരത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരിയാപുരം തുണ്ടത്തിപ്പാറ ഡയസ് ജോസ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് യാത്രയായത്.
മരിയാപുരം സെന്റ് മേരീസ് പള്ളിയുടെ ശുശ്രൂഷിയെന്ന നിലയിലും ഫോട്ടോഗ്രാഫറെന്ന നിലയിലും നാടിന് പ്രിയപ്പെട്ടവനായിരുന്നു ഡയസ്.
വർഷങ്ങളോളം ചെറുപുഷ്പ മിഷൻലീഗ്, കെസിവൈഎം സംഘടനകൾക്ക് ഇടവക, ഫൊറോനതലങ്ങളിൽ നേതൃത്വം വഹിച്ചിരുന്നു. ഇടുക്കി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗവുമാണ്.
നാട്ടുകാരുടെ ഏതൊരാവശ്യത്തിനും യാതൊരു മടിയുമില്ലാതെ മുന്നിട്ടിറങ്ങുന്ന ഈ ചെറുപ്പക്കാരൻ കുട്ടികൾ മുതൽ പ്രായമായവർവരെ എല്ലാവർക്കും ഉപകാരിയായിരുന്നു.
ആരേയും വെറുപ്പിക്കാതെ എല്ലാവരോടും പുഞ്ചിരിയോടെ കുശലാന്വേഷണം നടത്തിയും സജീവ സാന്നിധ്യമായിരുന്ന ഡയസിന്റെ വേർപാട് ഉൾക്കൊള്ളാൻ നാട്ടുകാർക്കിനിയും കഴിഞ്ഞിട്ടില്ല.
ഡയസും ഭാര്യ അഞ്ജലിയും നാട്ടുകാർക്കെന്നും മാതൃകാദന്പതികളായിരുന്നു.
സ്നേഹനിധിയായ ഈ ചെറുപ്പക്കാരന്റെ അകാലത്തിലുള്ള വേർപാടിൽ മരിയാപുരം ഗ്രാമമൊന്നാകെ വിതുന്പുകയാണ്. സമൂഹത്തിലെ നാനാതുറയിലുള്ളവർ ഡയസിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ഇന്ന് രാവിലെ 11.30 ന് മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും.