സ്വന്തം ലേഖകൻ
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയിൽ ജാഗ്രത വേണമെന്നു സിപിഎം.
വർഗീയ സംഘടനകളുമായി കൂട്ടുകൂടി സിപിഎമ്മിനെയും ഇടതുമുന്നണിയേയും തകർക്കാനുള്ള ശ്രമമാണു കോണ്‍ഗ്രസും യുഡിഎഫും നടത്തിയത്.
എന്നാൽ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ സംസ്ഥാനത്തു പല ജില്ലകളിലും വേണ്ടവിധം നേടാൻ ബിജെപിക്കു സാധിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം യുഡിഎഫിനുമുണ്ടായാൽ നിലവിലെ സ്ഥിതി അപ്പാടെ മാറുമെന്നും ഇതുകണ്ടു ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണു സർക്കാരും പാർട്ടിയും നടത്തേണ്ടതെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
സംസ്ഥാനത്തു 90-നു ശേഷം ആദ്യമായാണു അധികാരത്തിലരിക്കുന്ന സർക്കാരിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധിയുണ്ടായതെന്നു ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.ജനങ്ങളെ വിലകുറച്ചു കണ്ടതുകൊണ്ടാണു കോണ്‍ഗ്രസിനു കനത്ത പരാജയം നേരിടേണ്ടി വന്നത്.
മുന്നണിയിലുള്ള എല്ലാ ഘടകകക്ഷികൾക്കും അർഹിക്കുന്ന പരിഗണന തന്നെയാണ് ഇടതുമുന്നണി നൽകുന്നത്. കേരള കോണ്‍ഗ്രസ്-എം മുന്നണിയിൽ വന്നതു പാലായിൽ മാത്രമല്ല എല്ലായിടത്തും ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററിൽ വിജയത്തിൽ മധുരം പങ്കുവച്ചു നേതാക്കൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഹീറോയായതു കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
മുന്നണിയുടെ ഭാഗമാകുന്നതിനു മുന്‍പു സിപിഎം ആസ്ഥാനമായ എകെജി സെന്ററിലെത്തിയ ജോസ് കെ. മാണിക്ക് അന്നു ലഭിച്ച സ്വീകരണത്തിന് ഏതാണ്ട് സമമായിരുന്നു ഇന്നലെയും ലഭിച്ചത്.
എകെജി സെന്ററിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണു വിജയം നേതാക്കൾ ആഘോഷിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിന്നീട് മുന്നണി യോഗത്തിൽ ജോസിനെയും പാർട്ടിയെയും ഏറെ പ്രശംസിച്ചു.
തുടർഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 22 മുതൽ പര്യടനം നടത്തും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജില്ലാടിസ്ഥാനത്തിലാണു പര്യടന പരിപാടി.
22-നു രാവിലെ 10.30-നു കൊല്ലം, വൈകുന്നേരം നാലിനു പത്തനംതിട്ട, 23-നു വൈകുന്നേരം കോട്ടയം, 24-നു വൈകുന്നേരം തിരുവനന്തപുരം, 26-നു രാവിലെ കണ്ണൂർ, വൈകുന്നേരം കാസർഗോഡ്, 27-നു രാവിലെ കോഴിക്കോട്, വൈകുന്നേരം വയനാട്, 28 -നു രാവിലെ മലപ്പുറം, വൈകുന്നേരം പാലക്കാട്, 29-നു രാവിലെ തൃശൂർ 30-നു രാവിലെ എറണാകുളം, വൈകുന്നേരം ആലപ്പുഴ എന്നിങ്ങനെയാണു പരിപാടി. ഇടുക്കി ജില്ലയിലെ പര്യടനം പിന്നീടു തീരുമാനിക്കും.