നെടുംകുന്നം: സന്പൂർണ ബൈബിൾ പകർത്തിയെഴുതി വീട്ടമ്മ ശ്രദ്ധേയയായി. നെടുംകുന്നം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി ഇടവകാംഗം പുളിക്കൽ ബിൻസി ബിനോദാണ് സന്പൂർണ ബൈബിൾ പകർത്തി എഴുതി ശ്രദ്ധേയയായിരിക്കുന്നത്.
വചനപ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വചനധ്യാനത്തിൽ പങ്കെടുത്തതിലൂടെ ലഭിച്ച ആത്മീയ ഉൾവിളിയാണ് അധികമാരും തയാറാകാത്ത ശ്രമകരമായ ദൗത്യത്തിനു പ്രചോദനമായതെന്ന് ബിൻസി പറയുന്നു.
ധ്യാനത്തിനുശേഷം ബൈബിൾ രണ്ടാവർത്തി മുഴുവൻ വായിച്ചു കഴിഞ്ഞപ്പോഴേക്കും ഇതു പകർത്തി എഴുതണമെന്ന പ്രചോദനമുണ്ടായി. ഒന്‍പതു മാസം കൊണ്ടാണ് ബൈബിളിലെ ഉത്പത്തി മുതൽ വെളിപാടു വരെയുള്ള പുസ്തകങ്ങൾ പകർത്തി എഴുതിയത്.
ഈ വർഷം ജനുവരി ഒന്നിനു തുടങ്ങിയ ലക്ഷ്യം നവംബർ 30നു പൂർത്തിയായി.
പിഒസി ബൈബിളിന്റെ ആദ്യ താളു മുതൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരുവിവരങ്ങൾ, പ്രസ്താവന, ഉള്ളടക്കം, ബൈബിളിലെ പുസ്തകങ്ങളും സംക്ഷേപ സംജ്ഞകളും ആമുഖം എന്നിവയെല്ലാം ക്രമപ്രകാരം എഴുതി അവസാന പുറത്തിലെ അളവുകൾ പ്രതിപാദിക്കുന്ന ഭാഗം വരെയും ചേർത്തു.
പുതിയ നിയമം മാത്രം എഴുതാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. മൂന്നു മാസം കൊണ്ട് അതുപൂർത്തിയായി. തുടർന്നു പഴയനിയമവും എഴുതുകയായിരുന്നു.
ദിവസേന എട്ടു മണിക്കൂർ വരെ എഴുത്തിനു ചെലവഴിച്ചു. കാൽതെറ്റി വീണു പരിക്കേറ്റതിനാൽ രണ്ടു മാസം എഴുത്തുമുടങ്ങി.
കൈയെഴുത്തുപ്രതി പൂർത്തിയായപ്പോൾ എ ഫോർ സൈസ് വലിപ്പത്തിലുള്ള 3262 പേപ്പറും 48 പേനയും വേണ്ടിവന്നു. 21 സെന്റീമീറ്റർ ഉയരവുമുണ്ട്.
സണ്ഡേസ്കൂൾ അധ്യാപികയായ ബിൻസി നെടുംകുന്നം ഫൊറോനാ കൗണ്‍സിലംഗം, കുടുംബ കൂട്ടായ്മ കോ -ഓർഡിനേറ്റർ, കാർപ്പ് കൗണ്‍സിലംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഫൊറോനാ വികാരി ഫാ. ജേക്കബ് അഞ്ചു പങ്കിലിനു കൈമാറിയ കൈയെഴുത്തു പ്രതി നാളെ നെടുംകുന്നം ഫൊറോന പള്ളിയിൽ പ്രദർശനത്തിനു വയ്ക്കും.
റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് ബിനോദിന്റെ പ്രോത്സാഹനം ലക്ഷ്യപൂർത്തീകരണത്തിന് ഏറെ സഹായകമായതായി ബിൻസി പറഞ്ഞു. ഏകമകൻ. ജൂവൽ (ന്യൂസിലാൻഡ്).