ആലുവ: ആലുവ നഗരസഭയിൽ മത്സരിച്ചു തോറ്റ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥിയുടെ ശബ്ദസന്ദേശം വൈറലായി..
രണ്ടാം വാർഡ് സ്ഥാനാർഥിയാണു സിപിഎം നേതൃത്വത്തിനെതിരേ വിമർശനമുന്നയിച്ചു ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്. 219 വോട്ട് ലഭിച്ചു യുഡിഎഫ് സ്ഥാനാർഥി ജയിച്ച വാർഡിൽ 56 വോട്ട് മാത്രം ലഭിച്ച ഇടതു സ്വതന്ത്രൻ കോൺഗ്രസ് റിബലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്.
സഖാവേ, ഈ ചതി തന്നോടു വേണ്ടായിരുന്നെന്നു പറയുന്ന ശബ്ദസന്ദേശത്തിൽ പാർട്ടി വോട്ടൊന്നും തനിക്കു കിട്ടിയില്ലെന്നും കഴിഞ്ഞതവണ ലഭിച്ച 184 പാർട്ടി വോട്ട് എങ്ങോട്ടു പോയെന്നും ചോദിക്കുന്നു.
സമയനഷ്ടം, പണനഷ്ടം, മാനഹാനി എന്നിവയുണ്ടായി. ചതിയൻ ചന്തു ആരെന്നു കണ്ടുപിടിക്കണമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
26 അംഗ ആലുവ നഗരസഭയിൽ എൽഡിഎഫിന്റെ അംഗസംഖ്യ ഒന്പതിൽനിന്ന് ഇക്കുറി ഏഴായി കുറഞ്ഞു. ഒമ്പതാം വാർഡിൽ 12 വോട്ടുമായി നാലാം സ്ഥാനത്തും പത്താം വാർഡിൽ 17 വോട്ട് നേടി അഞ്ചാം സ്ഥാനത്തുമായിരുന്നു ഇടതു സ്ഥാനാർഥികൾ.