തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ സമൂഹത്തിലെ കുടുംബപ്രശ്നങ്ങളുള്ള സ്ത്രീകളെ തെരഞ്ഞുപിടിച്ച് ദോഷം മാറ്റുന്നതിനുളള പൂജ ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും വാങ്ങി മുങ്ങുന്ന വ്യാജസിദ്ധൻ പിടിയിലായി.
കന്യാകുളങ്ങര പെരുങ്കൂർ ഇടത്തറ ഭദ്രകാളി ദേവീ ക്ഷേത്രത്തിനു സമീപം ശ്രീനിലയം വീട്ടിൽ അഭിമന്യു (19)വിനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വരെ മാത്രം വിദ്യാഭ്യാസം ഉള്ള പ്രതി പൂണൂൽ ധരിച്ച് ബ്രാഹ്മണൻ ആണെന്നും പത്മനാഭസ്വാമിക്ഷേത്രം തന്ത്രി ആണെന്നും തെറ്റിധരിപ്പിച്ച് പത്മനാഭസ്വാമിക്ഷേത്ര പരിസരങ്ങളിൽ തന്ത്രി വേഷത്തിൽ കറങ്ങി നടന്ന് ഇരകളെ കണ്ടെത്തി തട്ടിപ്പുകൾ നടത്തി വരികയായിരുന്നു.
കൂടാതെ, ഇരകളെ കണ്ടെത്തുന്നതിനായി പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയിരുന്ന ഇയാൾ പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെടുന്നവരെ വാക്ചാതുരിയിൽ വീഴ്ത്തും.
അല്ലാത്തവരോട് ഗൃഹനാഥന് അകാലമൃത്യു ഉണ്ടാകുമെന്നു പറഞ്ഞും ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് പരിഹാരമായി ഏലസും കർമങ്ങളും ചെയ്ത് തരാമെന്നു പറഞ്ഞ് സ്വർണാഭരങ്ങളും പണവും വാങ്ങി മുങ്ങുകയാണ് ഇയാളുടെ രീതി.
അപ്രകാരം വിതുര സ്വദേശിയായ ഒരു വീട്ടമ്മയിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന മൂന്ന് സ്വർണമോതിരങ്ങളും, 13,000/ രൂപയും വാങ്ങിയതായുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഫോർട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ അറസ്റ്റ് അറിഞ്ഞെത്തിയ വട്ടപ്പാറ സ്വദേശിയായ യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യുവതിയിൽ നിന്നും പൂജിക്കാനെന്ന് പറഞ്ഞ് വാങ്ങിയ 10,000ഓളം രൂപ വില വരുന്ന വെള്ളിപ്പാത്രങ്ങൾ പ്രതി വിൽപ്പന നടത്തിയത് ചാലയിലെ സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു.
ഈ സ്ത്രീയിൽ നിന്നും ഇത്തരത്തിൽ സ്വർണാഭരണങ്ങൾ തട്ടിപ്പ് നടത്തിയ കേസിലും റൂറലിൽ നിന്നും ലഭിച്ച സമാനമായ പരാതികളിന്മേലും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
ഒളിവിൽ പോയ പ്രതിയെ ഫോർട്ട് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.