മംഗളൂരു: ബല്ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്റെ മകനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.
ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന് എട്ടുവയസുകാരനായ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്.
സംഘാംഗങ്ങള്‍ പിന്നീട് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം വീടിനു മുന്നില്‍വച്ചാണ് വെള്ളനിറമുള്ള കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങിയ സംഘം കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് ബിജോയിയുടെ പിതാവ് ശിവന് ബെല്‍ത്തങ്ങാടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
റിട്ട. നേവി ഉദ്യോഗസ്ഥനായ ശിവന് കുട്ടിക്കൊപ്പം സായാഹ്നസവാരി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. വീടിന്റെ ഗേറ്റിനു സമീപത്തെത്തുമ്പോള്‍ അല്പം മുന്നിലായി നടന്നുനീങ്ങിയ കുട്ടിയെ പെട്ടെന്ന് അടുത്തെത്തിയ കാര്‍ നിര്‍ത്തി അതിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
ശിവന് പിന്നാലെ ഓടിയെങ്കിലും കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. അല്പസമയം കഴിഞ്ഞാണ് ശാരിതയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ശിവന്റെ മകന് ബിജോയ് ഉജിരെയില്‍ തന്നെ ബിജോയ് ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുകയാണ്. ഉജിരെ രാധാ സ്ട്രീറ്റിലാണ് ഇവര്‍ താമസിക്കുന്നത്.
സംഭവത്തിനു തൊട്ടുപിന്നാലെ ബല്‍ത്തങ്ങാടി പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
ഇതിനിടയില്‍ സംഘാംഗങ്ങള്‍ വീണ്ടും കുട്ടിയുടെ വീട്ടില്‍ വിളിച്ച് മോചനദ്രവ്യം ബിറ്റ്കോയിനായി നല്കാന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.