
കൊച്ചി: ഷോപ്പിംഗ് മാളില്‍വച്ചു യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. പ്രതികളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച പോലീസ് ഇവരിലേക്കെത്താനുള്ള തീവ്ര ശ്രമത്തിലാണ്.
സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ നടിയുടെ വെളിപ്പെടുത്തല്‍ പൂര്‍ണമായും ശരിയെന്നു തിരിച്ചറിഞ്ഞതോടെ പ്രതികളെ പിടികൂടാനുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണു പോലീസ്.
25 വയസിനു താഴെ പ്രായമുള്ള രണ്ടു ചെറുപ്രായക്കാരാണു പ്രതികളെന്നു പോലീസ് പറയുന്നു. കൊച്ചി മെട്രോയില്‍ യാത്ര ചെയ്താണു ഇരുവരും ഷോപ്പിംഗ് മാളിലെത്തിയത്.
ഇരുവരും മാസ്ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനാല്‍തന്നെ പ്രതികളുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്താനും പോലീസ് നീക്കങ്ങള്‍ ആരംഭിച്ചു.
ഇതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അനുമതി ആവശ്യമുണ്ട്. കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രതികളുടെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
അതിനിടെ, പ്രതികള്‍ ഷോപ്പിംഗ് മാളിലെ മറ്റു വിഭാഗങ്ങളില്‍ ഒരിടത്തും കയറിയിട്ടില്ലെന്നാണു സൂചന. ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ സഞ്ചരിച്ച പ്രതികള്‍ ഇവിടെനിന്ന് എന്തെങ്കിലും വാങ്ങിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണു വിവരം.
കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തവേയുണ്ടായ ദുരനുഭവം നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയതോടെയാണു വിവരം പുറത്തറിയുന്നത്. ലുലുമാൾ അധികൃതർ നൽകിയ സിസി ടിവി ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിക്കു കയാണ്.
നടിയുടെ മാതാവിന്റെ പരാതിയിലാണു കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഷോപ്പിംഗ് മാളിലെ സിസിടിവി ദൃശ്യങ്ങങ്ങള്‍ പരിശോധിച്ചതില്‍നിന്നുമാണ് പ്രതികളെ കണ്ടെത്തിയത്.
നടിയുടെ വീട്ടിലെത്തി അമ്മയുടെ മൊഴിയും പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അതിനിടെ, സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന വനിതാ കമ്മീഷന് സംഭവത്തെക്കുറിച്ചു നടിയില്‍നിന്ന് ഇന്നു തെളിവെടുക്കും.
അന്വേഷണവുമായി സഹകരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്.