അമ്പലപ്പുഴ: കൂടുതൽ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അമ്പലപ്പുഴ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാകുന്നു. ഇതു വരെ 15 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ പത്ത് പോലീസുകാർ ക്വാറന്റൈനിലുമാണ്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് പോയ എട്ട് പോലീസുകാർക്കാണ് ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത്.
ആകെ 44 പോലീസുകാരാണ് സ്റ്റേഷനിലുള്ളത്. ഇതിൽ ഒരാൾ വർക്കിംഗ് അറേജ്മെന്റിലാണ്. ശേഷിക്കുന്ന പോലീസുകാരിൽ പലരും പലപ്പോഴായി അവധിയിലും പോകും.
മറ്റുള്ളവരെ ഉപയോഗിച്ച് സ്റ്റേഷൻ പ്രവർത്തനം നടത്തുന്നതിനിടയിലാണ് ഇപ്പോൾ കോവിഡ് പ്രതിസന്ധിയിലാക്കിയത്. പ്രതിമാസം 500 ലധികം കേസാണ് അമ്പലപ്പുഴ സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്യുന്നത്.
എന്നാൽ കേസിന്റെ എണ്ണമനുസരിച്ച് പോലീസുകാർ ഇല്ലാത്തതിനാൽ സ്റ്റേഷൻ പ്രവർത്തനം ആകെ താളം തെറ്റിയതിനു പിന്നാലെയാണ് കോവിഡ് മൂലമുള്ള പ്രതിസന്ധി.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം സ്റ്റേഷൻ പരിധിയിൽ നിരവധി അക്രമ പരമ്പരകളാണ് നടന്നത്. ഇതിനെതിരെ വിവിധ രാഷ്്ട്രീയ പാർട്ടികൾ നടത്തിയ പ്രതിഷേധ സമരങ്ങളെ നേരിടാൻ മറ്റ് സ്റ്റേഷനുകളിൽ നിന്നാണ് പോലീസെത്തിയത്.