തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ കോവിഡിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി കെ.കെ. ശൈലജ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലായി സംസ്ഥാനം.
ലക്ഷണം ഉള്ളവർ തീർച്ചയായും പരിശോധന നടത്തണം. കൂട്ടായ്മകൾ പൂർണമായും ഒഴിവാക്കണം. വളരെ അത്യാവശ്യമെങ്കിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങാവൂ.
രോഗം കൂടുതൽ പേരിലേക്ക് ബാധിച്ചിട്ടുണ്ടെങ്കിൽ അതു വലിയ തോതിൽ പകരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകും. മാത്രമല്ല, ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകും.
തെരഞ്ഞെടുപ്പ് സമയത്ത് പലരും നിർദേശങ്ങൾ മറികടന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞയും അധികാരമേൽക്കലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി നിർദേശിച്ചു.
രാജ്യത്ത് ഒരു കോടി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബോധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,152 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 10,004,599 ആയി. നിലവിൽ 3,08,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 1,45,136 പേർ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 347 പേരും.
കോവിഡ് ബാധ രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചശേഷം 325 ദിവസം കൊണ്ടാണ് ഒരു കോടിക്കു മുകളിലെത്തിയത്. അമേരിക്കയിൽ ഒരു കോടി കോവിഡ് കേസുകൾ 291 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയ്ക്കുശേഷം കോവിഡ് ബാധിതർ ഒരു കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 95,20,827 പേർ രോഗമുക്തരായെന്നും 95.40 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 18.88 ലക്ഷം പേർ. കർണാടക (9.07 ലക്ഷം), ആന്ധ്രാ പ്രദേശ് (8.77 ലക്ഷം), തമിഴ്നാട് (8.04 ലക്ഷം), കേരളം (6.93 ലക്ഷം), ഡൽഹി (6.14 ലക്ഷം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
സംസ്ഥാനത്ത് ഏഴു ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴു ലക്ഷം കഴിഞ്ഞു. ഇന്നലെ 6,293 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 7,00,158 ആയി. ഇവരിൽ 60,396 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മൊത്തം രോഗബാധിതരിൽ 8.63 ശതമാനം മാത്രം.
ഇന്നലെ 4749 പേർ രോഗമുക്തി നേടി. 59,995 സാന്പിളുകൾ പരിശോധിച്ചപ്പോൾ 10.49 ശതമാനം പേർക്കു രോഗം സ്ഥിരീകരിച്ചു. 29 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2786 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5578 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 593 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 73 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 49 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ: എറണാകുളം – 826, കോഴിക്കോട് – 777, മലപ്പുറം – 657, തൃശൂർ – 656, കോട്ടയം – 578, ആലപ്പുഴ – 465, കൊല്ലം – 409, പാലക്കാട് – 390, പത്തനംതിട്ട – 375, തിരുവനന്തപുരം – 363, കണ്ണൂർ – 268, വയനാട് – 239, ഇടുക്കി – 171, കാസർഗോഡ് – 119.