മംഗളൂരു: ബല്ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് 36 മണിക്കൂറില്‍ ശുഭാന്ത്യം.
തൊട്ടടുത്ത കോലാര്‍ ജില്ലയിലെ ഉള്‍പ്രദേശത്തെ വീട്ടില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബാലനെ പ്രത്യേക പോലീസ് സംഘം രക്ഷപ്പെടുത്തി. അക്രമി സംഘത്തിലെ ഏഴുപേരെ അറസ്റ്റ് ചെയ്തു.
ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന് എട്ടുവയസുകാരനായ അനുഭവിനെയാണ് വ്യാഴാഴ്ച വൈകുന്നേരം കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
സംഘത്തിലെ ഒരു അംഗം പിന്നീട് ശാരിതയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു.
ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയില്‍നിന്നുള്ള കോമള്‍, ഇയാളുടെ സുഹൃത്ത് മഹേഷ്, മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കുട്ടിയെ ഒളിപ്പിച്ചുവച്ച വീടിന്റെ ഉടമ മഞ്ജുനാഥ് എന്നിവരും പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്.
ഉജിരെയിലെ വീടിനു മുന്നില്‍വച്ചാണ് വെള്ള നിറമുള്ള ഇന്‍ഡിക്ക കാറിലെത്തിയ സംഘം കുട്ടിയെ കയറ്റിക്കൊണ്ടുപോയത്. ബിജോയിയുടെ പിതാവ് റിട്ട. നാവികസേനാ ഉദ്യോഗസ്ഥനായ ശിവന് കുട്ടിക്കൊപ്പം സായാഹ്നസവാരി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു.
വീടിന്റെ ഗേറ്റിനു സമീപത്തെത്തുമ്പോള്‍ അല്പം മുന്നിലായി നടന്നുനീങ്ങിയ കുട്ടിയെ പെട്ടെന്ന് അടുത്തെത്തിയ കാര്‍ നിര്‍ത്തി അതിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
ശിവന് പിന്നാലെ ഓടിയെങ്കിലും കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. അല്പസമയം കഴിഞ്ഞാണ് ശാരിതയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ബിജോയ് ഉജിരെയില്‍ തന്നെ ബിജോയ് ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുകയാണ്. ഹാര്‍ഡ് വെയറുമായി ബന്ധപ്പെട്ട ബിസിനസുകളാണ് പ്രധാനമായും നടത്തുന്നത്.
കണ്ണൂരില്‍ വേരുകളുള്ള ഈ കുടുംബം വര്‍ഷങ്ങളായി ഉജിരെ രാധാ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ബിജോയ്-ശാരിത ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. ഇളയ മകനാണ് അനുഭവ്.
സംഭവത്തിനു തൊട്ടുപിന്നാലെ ബല്‍ത്തങ്ങാടി പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയില്‍ സംഘാംഗം ശാരിതയെ വീണ്ടും വിളിച്ച് മോചനദ്രവ്യം ബിറ്റ്കോയിനായി നല്കാന് ആവശ്യപ്പെട്ടു. ആദ്യം 100 ബിറ്റ്കോയിനുകളാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അത് 20 ആയി കുറച്ചു.
രൂപയായിട്ടാണെങ്കില് പത്തുകോടി മതിയെന്നും പറഞ്ഞു. പിന്നീട് വീണ്ടും വിളിച്ച് 25 ലക്ഷം രൂപയെങ്കിലും അടിയന്തരമായി എത്തിക്കണമെന്നാവശ്യപ്പെട്ടു.
ഇതിനിടെ ഈ നമ്പറിന്റെ ലൊക്കേഷന്‍ കോലാര്‍ ജില്ലയിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാലൂര്‍ താലൂക്കിലെ കൂര്മഹൊസഹള്ളി എന്ന ഗ്രാമത്തിലെ ഒരു വീടായിരുന്നു ഇത്.
കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി നേരിട്ടുള്ള ഓപ്പറേഷന് മുതിരാതെ കോലാര്‍ പോലീസിന്റെ സഹായത്തോടെ വീട് കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം വീടും അവിടേക്ക് പോയി വരുന്നവരും പോലീസിന്റെ നിരന്തര നിരീക്ഷണത്തിലാക്കി.
സംഘാംഗങ്ങള്‍ ഉറക്കത്തിലായിരിക്കുമ്പോള്‍ ഇന്നലെ പുലര്‍ച്ചെ പോലീസ് വീട്ടിലേക്ക് ഇരച്ചുകയറി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
ദക്ഷിണകന്നഡ ജില്ലാ പോലീസ് മേധാവി ബി.എല്‍. ലക്ഷ്മിപ്രസാദും കോലാര്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് റെഡ്ഡിയും ഓപ്പറേഷന് നേതൃത്വം നല്കി. കുട്ടിയെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
ബിജോയിയുടെയും ശാരിതയുടെയും ബിസിനസ് ഇടപാടുകളും കുടുംബപശ്ചാത്തലവും കൃത്യമായി അറിയാവുന്ന ആരെങ്കിലുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ഇത് കണ്ടെത്തുന്നതിനായി സംഘാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണ്.