വാഗമൺ: വാഗമണ്ണിൽ സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ നടന്ന നിശാപാർട്ടി സംബന്ധിച്ച കേസ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് കോൺഗ്രസ്.
പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് കുറച്ചുകാണിക്കാൻ ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. മയക്കുമരുന്ന് പാർട്ടികൾക്ക് സിപിഎം-സിപിഐ ഒത്താശയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
റിസോർട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും നടത്തി. റിസോർട്ടിന് മുന്നിൽ പോലീസ് ഇവരെ തടഞ്ഞു.
അതേസമയം, റിസോർട്ട് ഉടമയെ പോലീസ് ചോദ്യം ചെയ്യുകയാണ്. സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെയാണ് പോലീസ് വിശദമായി ചോദ്യം ചെയ്യുന്നത്.
ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തത്. മൂന്ന് റൂം മാത്രമാണ് നൽകിയത്. എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നും റിസോർട്ട് ഉടമ ചോദ്യം ചെയ്യലിൽ അറിയിച്ചു.