നവാസ് മേത്തർ
തലശേരി: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപന്റെ അപകട മരണം ജനതാദളിനുള്ളിൽ വലിയ ചർച്ചയും കോളിളക്കവുമാകുന്നു. ജനതാദളിലെ ഭിന്നതയും പിളർപ്പും വെളിച്ചത്തു വന്നതിനു പിന്നാലെയാണ് പ്രദീപിന്റെ അപകട മരണവും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നത്.
കേരളത്തിൽ 2018ൽ ഉണ്ടായ പ്രളയവും തുടർന്നു മണൽ മാഫിയയുമായി ബന്ധപ്പെട്ട 300 കോടിയുടെ അഴിമതിയും സംബന്ധിച്ച ചില റിപ്പോർട്ടുകൾ നേരത്തെ പ്രദീപ് പുറത്തുവിട്ടിരുന്നു.
ഈ മണൽവാരൽ അഴിമതി കുറെക്കാലമായി ജനതാദളിനുള്ളിൽ ചൂടുപിടിച്ച വിഷയമാണ്.ഡാമുകളുമായി ബന്ധപ്പെട്ട പുഴകളിലെ മണൽ നീക്കുന്നതിനു ലക്ഷ്യമിട്ടിരുന്ന ചില കന്പനികളാണ് പ്രളയം വന്നപ്പോൾ ഡാമുകൾ നേരത്തെ തുറക്കുന്നതിനു തടസമായി നിന്നതെന്നാണ് ആരോപണം.
ഡാമുകൾ തുറന്നാൽ ഈ മണൽ ഒഴുകിപ്പോയി നഷ്ടമാകുമെന്നതിനാലാണ് ഇവർ തടസംനിന്നതത്രേ.ഇപ്പോൾ പ്രദീപിന്റെ മരണം ഈ വിഷയവുമായി ബന്ധിപ്പിക്കാനാണ് ജനതാദളിലെ ഒരു വിഭാഗം ശ്രമിക്കുന്നത്.
സി.കെ. നാണുവിനെ അനുകൂലിക്കുന്ന വിഭാഗമാണ് പ്രദീപിന്റെ മരണത്തെ പ്രളയവും ഇതുമായി ബന്ധപ്പെട്ട മണൽ അഴിമതിയുമായി ബന്ധിപ്പിച്ചു പാർട്ടിക്കുള്ളിൽ ആരോപണം ഉയർത്തുന്നത്.
450 പേർ മരിക്കുകയും നാൽപതിനായിരം കോടി രൂപയുടെ നഷ്ടം നാടിനുണ്ടാകുകയും ചെയ്ത മനുഷ്യ നിർമിത പ്രളയത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തിയാൽ പ്രദീപന്റെ മരണം സംബന്ധിച്ച ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നാണ് സി.കെ. നാണു വിഭാഗത്തിലെ ഉന്നത ജനതാദൾ നേതാവ് രാഷ്ട്രദീപികയോടു പറഞ്ഞത്.
പ്രദീപനെ ഇടിച്ചിട്ട ടിപ്പർ ലോറി വാടകയ്ക്കു ഓടിക്കൊണ്ടിരുന്നത് ഏതു കമ്പനിക്കു വേണ്ടിയാണെന്ന് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഓഡിയോ ക്ലിപ്
കേരളത്തിലെ പ്രമുഖ ജനതാദൾ നേതാവ് കേരളത്തിൽ നടന്നതു മനുഷ്യനിർമിത പ്രളയമാണെന്നും ഇതിൽ 300 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സമർഥിക്കുന്ന മൊബൈൽ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് മറ്റൊരു നേതാവിന്റെ കൈവശമുണ്ടെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
ഈ വിവാദ ഓഡിയോ ക്ലിപ്പ് കൈവശമുള്ള നേതാവ് ചില കേന്ദ്രങ്ങളിൽനിന്നു കടുത്ത ഭീഷണി നേരിടുന്നതായും പറയുന്നു.പ്രളയത്തിനു മുന്നോടിയായി ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഡാം തുറന്നു വിടണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും
മണൽ മാഫിയയെ സഹായിക്കാനായി ഡാം തുറക്കാൻ അനുമതി നൽകാതിരുന്നതാണ് പ്രളയ ദുരന്തത്തിന് ഇടയാക്കിയതെന്നും തെളിവുകൾ നിരത്തി നേതാവ് പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളതത്രെ.
പ്രളയ ചർച്ച
300 കോടിയുടെ അഴിമതി ഉന്നയിച്ച ഈ നേതാവ് ഔദ്യോഗിക സ്ഥാനത്തെത്തിയതോടെ 300 കോടി അഴിമതി നടത്തിയെന്നു പറഞ്ഞ ആളോടു സന്ധിചെയ്യുകയും ആരോപണ വിധേയമായ കമ്പനിക്കുതന്നെ തുടർന്നും കരാറുകൾ നൽകിയതായും സി.കെ നാണു വിഭാഗത്തിലെ നേതാക്കൾ ആരോപിക്കുന്നു.
ജലസേചന വകുപ്പുമായി ബന്ധപ്പെട്ട ചില കരാറുകൾ എടുക്കുന്ന പ്രമുഖ കമ്പനിയുമായി ബന്ധപ്പെട്ടാണ് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത്.
ഈ കമ്പനിക്ക് 700 കോടിയുടെ “മണൽ കൊള്ള”നടത്താനായിട്ടാണ് ഡാമുകൾ തുറക്കുന്നതു നീട്ടിക്കൊണ്ടുപോയി പ്രളയം വരുത്തിവച്ചതെന്നാണ് ആരോപണം.