കോട്ടയം: വാഗമണ്ണിലെ നിശാ പാർട്ടികളിൽ ഒഴുകിയത് കോട്ടയത്തു നിന്നെത്തിച്ച മയക്കു മരുന്നുകൾ. എൽഎസ്ഡി അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകളാണ് റിസോർട്ടിലെ പാർട്ടിക്കിടെ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ലഹരി എത്തിച്ചു നൽകിയത് കോട്ടയം ജില്ലയിൽ നിന്നുള്ള മയക്കുമരുന്നു സംഘങ്ങളും ഗുണ്ടാസംഘങ്ങളും.
ആർപ്പൂക്കര, കുടമാളൂർ, ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളാണ് ഇവിടേക്ക് സംസ്ഥാനത്തിനു പുറത്തു നിന്നും അതീവ രഹസ്യമായി മയക്കുമരുന്നുകൾ കൊണ്ടുവരുന്നത്.
തമിഴ്നാട്ടിൽനിന്നും ബംഗളൂരുവിൽ നിന്നുമാണ് എൽഎസ്ഡി, നൈട്രോസെപ്പാം ഗുളികകൾ, മാജിക് മഷ്റൂം എന്ന പേരിലുള്ള അതീവ വീര്യമേറിയ ലഹരിമരുന്നുകൾ എത്തിച്ചത്. ജില്ലയിലും സമീപ ജീല്ലകളിലും ആവശ്യക്കാർ ഏറിയതോടെ നിലവിൽ വലിയ ഡിമാൻഡാണ് ഈ മരുന്നു കൾക്ക് ഇപ്പോൾ ഉള്ളത്.
പാർട്ടിക്കിടെ ലഹരി പിടിച്ച സംഭവത്തിൽ ഇടുക്കി പോലീസും ജില്ലാ പോലീസും സംയുക്തമായ അന്വേഷണം നടത്തും. കോട്ടയത്തുനിന്നും നിരവധി പേർ ദിനംപ്രതി എത്താറുള്ളതാണ് വാഗമണ്ണിലും സമീപപ്രദേശങ്ങളിലും.
അതിനാൽ ജില്ലയിൽ പരിശോധന ശക്തമാക്കാനും ലഹരി വിരുദ്ധ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനുമാണ് പോലീസിന്റെ നടപടി.
കോട്ടയം ജില്ലയിലെ പ്രധാന ലഹരി മാഫിയകളാണ് ആർപ്പൂക്കര, കുടമാളൂർ, ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങൾ. ജില്ലയിൽ ആവശ്യക്കാർക്ക് സംസ്ഥാനത്തിനു പുറത്തു നിന്നും ഇവർ ലഹരി മരുന്നുകൾ എത്തിക്കാറുണ്ട്. ഈ സംഘം തന്നെയാണ് വാഗമണ്ണിലെ റിസോർട്ടിലും ലഹരി മരുന്ന് എത്തിച്ചത്.
ചെറിയ സംഘങ്ങളായി വിനോദ യാത്രയെന്നും മറ്റു കാരണങ്ങളും പറഞ്ഞ് മാസത്തിൽ രണ്ടും മൂന്നും തവണ ബംഗളൂരുവിലേക്കും മറ്റും ട്രിപ് നടത്തിയാണ് ഇവർ മയക്കു മരുന്ന കടത്തുന്നത്.
വാഹനത്തിനടിയിലെ രഹസ്യ അറയിലും ചെറു പൊതികളിലാക്കിയും സാധന സാമഗ്രികൾക്കുള്ളിൽ വെച്ചും പരിശോധനയുള്ളപ്പോൾ ശരീര ഭാഗങ്ങൾക്കുള്ളിലാക്കിയുമാണ് മയക്കുമരുന്ന് കടത്തിയിരുന്നത്.
ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വലിയ തോതിൽ മയക്കു മരുന്ന് കടത്തിയിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവരിൽ പലരും വർക്ക് അറ്റ് ഹോം എന്ന പേരിൽ ജില്ലയിലേക്കു ചേക്കേറിയതോടെയാണ് ഇവിടേക്ക്് ലഹരി മരുന്നിന്റെ ഒഴുക്ക് കൂടിയത്. ഇവിടെ ആവശ്യക്കാരായതാണ് വീര്യം കൂടിയ ലഹരിമരുന്നുകൾ എത്തിക്കാൻ ഗുണ്ടാ സംഘങ്ങളെ പ്രേരിപ്പിച്ചത്.
നിശാ പാർട്ടിയിൽ പങ്കെടുത്തത് 24 സ്ത്രീകൾ; പ്രതികളിൽ ഉന്നതരുടെ മക്കളും
ഇടുക്കി: വാഗമണ്ണിലെ റിസോർട്ടിൽ നിശാപാർട്ടിയുടെ മറവിൽ ലഹരിമരുന്ന് പാർട്ടി സംഘടിപ്പിച്ച സംഘത്തിനുള്ളത് വൻ ബന്ധങ്ങൾ. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ലഹരിമരുന്നുകൾ ലഭിക്കുന്ന വഴികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.
നിലവിൽ നിശാപാർട്ടിയും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് ഫറൂഖ് കോളജ് കരയിൽ ഷൗക്കത്ത് (36), തൃശൂർ പൂവത്തൂർ അന്പലത്തിൽ നിഷാദ് (36), കാസർകോഡ് ഹോസ്ദുർഗ് പടുതക്കാട് ഫാത്തിമ മൻസിൽ മുഹമ്മദ് റാഷിദ് (31), എറണാകുളം തൃപ്പൂണിത്തറ കണ്ണാകുളങ്ങര ആകാശം നിവാസിൽ ബ്ലിസ്റ്റി വിശ്വസ് (23), തൊടുപുഴ മങ്ങാട്ടുകവല അജ്മൽ സഹീർ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറന്പിൽ കൂരംപ്ലാക്കൽ കെ. മെഹാർ ഷരീഫ് (26), മലപ്പുറം എടപ്പാൾ കല്ലുങ്കൽ നബീൽ (36), കോഴിക്കോട് കൊമ്മേരി പലേക്കൊട്ട് അജയൻ, കോഴിക്കോട് ഫറൂഖ് പെരുമുഖം മീഖരാജാ മൻസിൽ സൽമാൻ(38) എന്നിവരാണ് അറസ്റ്റിലായത്.
24 സ്ത്രീകളുൾപ്പെടെ 59 പേരാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്.
പിടിയിലായവരിൽ ബാക്കിയുള്ളവരെ വൈദ്യ പരിശോധന നടത്തിയ ശേഷം ഇവർ ലഹരിമരുന്നുപയോഗിച്ചെന്ന് തെളിഞ്ഞാൽ പ്രതിയാക്കി പോലീസ് കേസടുക്കും.
ഉന്നതരുടെ മക്കളുൾപ്പെടെ പിടിയിലായവരിൽ ഉൾപ്പെടും. ഇവരിൽ നിന്നും കഞ്ചാവ്, ചരസ്, ഹാഷിഷ് ഉൾപ്പെടെ എട്ടിനം ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ഇവരുടെ വാഹനങ്ങളിൽ നിന്നും ലഹരി കണ്ടെടുത്തു.
അറസ്റ്റിലായ ഒൻപതംഗ സംഘമാണ് ലഹരിപാർട്ടിക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് പറഞ്ഞു. ഇവർ മുന്പും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി പാർട്ടികൾ നടത്തിയതായി സംശയിക്കുന്നുണ്ട്.
റിസോർട്ട് ഉടമയും ഏലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ വാഗമണ് ലോക്കൽ സെക്രട്ടറിയുമായ ഷാജി ജേക്കബിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഇതു വരെ പോലീസ് തീരുമാനമെടുത്തിട്ടില്ല.
ബർത്ത് ഡേ പാർട്ടിക്കായാണ് റിസോർട്ട് ബുക്ക് ചെയ്തതെന്നും നിശാപാർട്ടിയെ സംബന്ധിച്ച് അറിയില്ലായിരുന്നുമെന്നുമാണ് ഇയാൾ പോലീസിനു മൊഴി നൽകിയത്. ഷാജി ജേക്കബിനെ സിപിഐയിൽ നിന്നും ഇന്നലെ പുറത്താക്കിയിരുന്നു.
ഇതിനിടെ വാഗമണിലെ റിസോർട്ടുകളും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെയും നിരീക്ഷിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ലഹരിമരുന്ന് മാഫിയ വാഗമണ് കേന്ദ്രമായി വലിയ തോതിൽ പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചു.