മാങ്കാംകുഴി : ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തഴക്കര ഗ്രാമപഞ്ചായത്തിൽ ഭരണം പിടിക്കാൻ എൽഡിഎഫും ബിജെപിയും അണിയറ നീക്കം ശക്തമാക്കി. ബിജെപി ഭരണത്തിൽ എത്തുന്നത് തടയാൻ വിമതയുടെ പിന്തുണ തേടാൻ എൽഡിഎഫ് തീരുമാനിച്ചു.
വാർഡ് 18ൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ വിമതയായി മത്സരിച്ചു ജയിച്ച ഷീബ സതീഷിനെ പ്രസിഡന്റാക്കി ഭരണം നിലനിർത്താനാണ് എൽഡിഎഫ് നീക്കം.
വാർഡ് 18 ലെ സിപിഐ അംഗമായിരുന്ന ഇവർക്ക് ഇത്തവണ എൽഡിഎഫ് സീറ്റ് നൽകിയില്ല.സി പി എം ജില്ലാ കമ്മിറ്റി അംഗമായ മുരളി തഴക്കരയേയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്.
തുടർന്ന് ഷീബ സതീഷ് സ്വതന്ത്രയായി മത്സരിക്കുകയും ഇവർ വിജയിക്കുകയുമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ സി പി എം ജില്ലാ കമ്മിറ്റി അംഗം നാലാം സ്ഥാനത്ത് വരുകയും ചെയ്തു.
തഴക്കരയിൽ 21 അംഗ സമിതിയില്‍ ഒരു മുന്നണിയ്ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എല്‍ഡിഎഫ് -8 , ബിജെപി- 7 യുഡിഎഫ് -4 സ്വതന്ത്രർ-2 എന്നിങ്ങനെയാണ് കക്ഷിനില.
ഇതിൽ എൽഡിഎഫ് വിമതയെയും മറ്റൊരു സ്വതന്ത്ര വനിത അംഗത്തെയും ഒപ്പം നിർത്തി ഭരണം പിടിക്കാൻ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവും ഇതിന് പിന്തുണ നൽകിയിട്ടുണ്ട് .
എന്നാൽ ബിജെപിക്ക് ഒപ്പം പോകില്ല എന്ന നിലപാടാണ് എൽഡിഎഫ് വിമതയായ ഷീബ സതീഷിനുള്ളത്. അതിനാൽ ഷീബ സതീഷിനെ ഒപ്പം നിർത്തി അവർക്ക് പ്രസിഡന്റ് പദവി നൽകി ഭരണം നിലനിർത്താനാണ് എൽഡിഎഫ് അവസാന നീക്കം നടത്തുന്നത്.
വാർഡ് 12ൽ നിന്നും വിജയിച്ച സ്വതന്ത്ര വനിത അംഗം രമ്യ സുനിലിന്റെ പിന്തുണയും എൽഡിഎഫ് തേടിയെങ്കിലും ഇവർ പക്ഷേ ബിജെപിക്കൊപ്പം പോകുമെന്ന നിലപാടിലാണ്.
ഇവർ മത്സരിച്ച വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. രമ്യയുടെ ഭർത്താവ് സുനിൽ രാമനല്ലൂർ ഈ വാർഡിൽ കഴിഞ്ഞ തവണ ബിജെപി പഞ്ചായത്ത് അംഗമായിരുന്നു.