തൊടുപുഴ: തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ആളെകൂട്ടി ഡിജെ പാർട്ടി നടത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്.
ഉടുന്പന്നൂർ ടൗണിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചവർക്കെതിരെയാണ് കരിമണ്ണൂർ പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ഏഴിന് ആരംഭിച്ച ആഘോഷം പാതിരാവോളം നീണ്ടു നിന്നിരുന്നു.
ആളുകൾ കൂട്ടംകൂടിയതിന്റെ ആഘോഷ രാവിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താനോ നടപടിയെടുക്കാനോ തയാറായില്ലെന്നും ആരോപണമുണ്ട്.
യുഡിഎഫ് ഭരിച്ചിരുന്ന ഉടുന്പന്നൂർ പഞ്ചായത്ത് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹ്ലാദ സൂചകമായാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
കോതമംഗലത്തു നിന്നുള്ള ഡിജെ സംഘമാണ് പരിപാടി കൊഴുപ്പിക്കാനെത്തിയത്. ആഘോഷത്തിൽ പങ്കു ചേരാൻ പഞ്ചായത്തിനു പുറമെ നിന്നും ആളുകളെത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്പോഴാണ് ഭരണപക്ഷ യുവജന സംഘടനയുടെ നേതൃത്വത്തിൽ ഇതെല്ലാം കാറ്റിൽ പറത്തി നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് ആഘോഷരാവ് സംഘടിപ്പിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന രണ്ടാഴ്ച നിർണായകമാണെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു. നിയന്ത്രണം ലംഘിച്ച് പരിപാടി സംഘടിപ്പിച്ചവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.